ന്യൂയോര്‍ക്ക്: മൂന്ന് രാജ്യങ്ങളിലായി നടന്ന 2026 ഫിഫ ലോകകപ്പ് അവസാനിച്ചതോടെ ഇനി ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ 2030 ലോകകപ്പിലേക്ക്. ഫിഫ ലോകകപ്പിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന പ്രത്യേക പതിപ്പായതിനാല്‍, ചരിത്രത്തില്‍ ഇതുവരെ കാണാത്ത രീതിയിലാണ് അടുത്ത ടൂര്‍ണമെന്റ് അരങ്ങേറുന്നത്. മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങള്‍ ചേര്‍ന്നാകും ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.
യൂറോപ്പിലെയും ആഫ്രിക്കയിലെയും സ്പെയിന്‍, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങളാണ് 2030 ലോകകപ്പിന്റെ പ്രധാന ആതിഥേയര്‍. ഈ മൂന്ന് രാജ്യങ്ങളും ആതിഥേയരെന്ന നിലയില്‍ നേരിട്ട് ലോകകപ്പിന് യോഗ്യതയും നേടി. രണ്ട് ഭൂഖണ്ഡങ്ങളിലായി നടക്കുന്ന ആദ്യ ലോകകപ്പെന്ന ചരിത്രനേട്ടവും ഈ എഡിഷനെ പ്രത്യേകതയുള്ളതാക്കും.
1930ല്‍ ഉറുഗ്വെയില്‍ ആരംഭിച്ച ലോകകപ്പിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ഉദ്ഘാടന മത്സരമുള്‍പ്പെടെയുള്ള ആദ്യ മൂന്ന് മത്സരങ്ങള്‍ ഉറുഗ്വെ, അര്‍ജന്റീന, പരാഗ്വെ എന്നീ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലായിരിക്കും നടക്കുക. ഓരോ രാജ്യത്തും ഓരോ മത്സരം വീതമാണ് സംഘടിപ്പിക്കുക. തുടര്‍ന്ന് ടൂര്‍ണമെന്റ് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും മാറും.
ഇതോടെ 2030 ലോകകപ്പിന് ആകെ ആറ് രാജ്യങ്ങളാണ് വേദിയൊരുക്കുന്നത്. ഉദ്ഘാടന മത്സരങ്ങള്‍ക്ക് വേദിയാകുന്ന ഉറുഗ്വെ, അര്‍ജന്റീന, പരാഗ്വെ എന്നീ രാജ്യങ്ങള്‍ക്കും ആതിഥേയ പദവി ലഭിച്ചതിനാല്‍ നേരിട്ടുള്ള ലോകകപ്പ് യോഗ്യത ഉറപ്പായി. 48 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പില്‍ ആറ് ആതിഥേയ രാജ്യങ്ങള്‍ നേരിട്ട് യോഗ്യത നേടിയതിനാല്‍, ശേഷിക്കുന്ന 42 സീറ്റുകള്‍ക്കായാണ് ലോകമെമ്പാടുമുള്ള ടീമുകള്‍ യോഗ്യതാ മത്സരങ്ങളില്‍ പോരാടുക.
1930ല്‍ ഉറുഗ്വെയിലെ മോണ്ടെവിഡിയോയില്‍ നടന്ന ആദ്യ ലോകകപ്പിലാണ് ടൂര്‍ണമെന്റിന് തുടക്കമായത്. അന്ന് ഫൈനലില്‍ അര്‍ജന്റീനയെ തോല്‍പ്പിച്ച് ഉറുഗ്വെ ലോകചാമ്പ്യന്മാരായി. ആ ചരിത്രത്തിന്റെ നൂറാം വാര്‍ഷികം അനുസ്മരിക്കുന്നതിനായാണ് ഉദ്ഘാടന മത്സരങ്ങള്‍ വീണ്ടും ലാറ്റിനമേരിക്കയിലേക്ക് എത്തിക്കുന്നത്. ആദ്യ ലോകകപ്പിലെ റണ്ണറപ്പായിരുന്ന അര്‍ജന്റീനയ്‌ക്കും ഉദ്ഘാടന മത്സര വേദി നല്‍കാന്‍ ഫിഫ തീരുമാനിച്ചു.
അതേസമയം, അന്നത്തെ ഏക ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ സംഘടനയായ കോണ്‍മെബോളിന്റെ ആസ്ഥാനം പരാഗ്വെയിലായിരുന്നതിനാലാണ് ആ രാജ്യത്തെയും ഈ ചരിത്രാഘോഷത്തിന്റെ ഭാഗമാക്കിയത്. മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് ആതിഥേയ രാജ്യങ്ങള്‍, നൂറാം വാര്‍ഷികാഘോഷം, ഉദ്ഘാടന മത്സരങ്ങള്‍ ലാറ്റിനമേരിക്കയിലും പ്രധാന ടൂര്‍ണമെന്റ് യൂറോപ്പിലും ആഫ്രിക്കയിലും എന്നിങ്ങനെ, 2030 ഫിഫ ലോകകപ്പ് ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ പതിപ്പായി മാറുമെന്ന് ഉറപ്പാണ്.