റീൽസ് വൈറലായതോടെ ഉൾവനത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസ്

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: സംരക്ഷിത ഉൾവനത്തിൽ അനധികൃതമായി പ്രവേശിച്ച് റീൽസ് ചിത്രീകരിക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വ്‌ലോഗർക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു. മലപ്പുറം പല്ലൂർ വളപ്പിൽ ജാസി ആഷിക്, സഹായികളായ പാലക്കാട് സ്വദേശി ആഷിക്, ഉമ്മുൽ ഹൈറ, കെ.ടി. ഷബാബ് എന്നിവർക്കെതിരെയാണ് നടപടി.

ജൂലൈ 11-ന് എടവണ്ണ റേഞ്ചിലെ കൊടുമ്പുഴ സ്റ്റേഷൻ പരിധിയിലുള്ള ഓടക്കയം കൂരംകല്ല് ഉൾവന മേഖലയിലാണ് സംഘം റീൽസ് ചിത്രീകരിച്ചത്. പ്രദേശത്തെ വെള്ളച്ചാട്ടം ഉൾപ്പെടുത്തി ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് ആളുകളെ സന്ദർശനത്തിന് ക്ഷണിച്ചതോടെ നിരവധിപേർ സ്ഥലത്തെത്താൻ തുടങ്ങി. ഇതോടെ പ്രദേശത്ത് മാലിന്യ നിക്ഷേപം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ രൂക്ഷമായതായി വനംവകുപ്പ് കണ്ടെത്തി.

സംഭവത്തെ തുടർന്ന് ജൂലൈ 14-ന് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. വനസംരക്ഷണ നിയമപ്രകാരം അനധികൃതമായി ഉൾവനത്തിൽ പ്രവേശിച്ചതിന് ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവും 25,000 രൂപ വരെ പിഴയും ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിലമ്പൂർ നോർത്ത് ഡിഎഫ്ഒ പി. ധനേഷ് കുമാറിന് മുന്നിൽ പ്രതികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. റേഞ്ച് ഓഫീസർ എം.എൻ. ഷംനാസിന്റെ മേൽനോട്ടത്തിൽ എസ്.എഫ്.ഒ സി. ദിജിലും സംഘവും അന്വേഷണം തുടരുകയാണ്.

Share