അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

Published by
ജനം വെബ്‌ഡെസ്ക്

ന്യൂയോര്‍ക്ക്: ലോകകപ്പ് കിരീട നേട്ടത്തിന്റെ കരുത്തില്‍ സ്‌പെയിന്‍ വീണ്ടും ഫിഫ ലോക റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി. മുന്‍ ലോകചാമ്പ്യന്‍മാരും 2026 ലോകകപ്പിലെ റണ്ണേഴ്‌സ് അപ്പുമായ അര്‍ജന്റീനയെ പിന്തള്ളിയാണ് സ്പാനിഷ് ടീം ആറുമാസത്തിന് ശേഷം ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്. ലോകകപ്പില്‍ സെമിഫൈനല്‍ വരെയെത്തിയ ഫ്രാന്‍സ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്.

ഇംഗ്ലണ്ട് നാലാം സ്ഥാനത്ത് തുടരുമ്പോള്‍, പ്രീക്വാര്‍ട്ടറില്‍ പുറത്തായ ബ്രസീല്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തെത്തി. ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ മൊറോക്കോയാണ് റാങ്കിങ്ങിലെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്ന് സ്വന്തമാക്കിയത്. ആറാം സ്ഥാനത്തെത്തിയ മൊറോക്കോ ഫിഫ റാങ്കിങ്ങില്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനം സ്വന്തമാക്കി. ആഫ്രിക്കയിലെയും അറബ് ലോകത്തിലെയും ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ദേശീയ ടീമെന്ന നേട്ടവും അവര്‍ സ്വന്തമാക്കി.

ബ്രസീലിനേക്കാള്‍ ഒരു പോയിന്റ് മാത്രം പിന്നിലാണ് മൊറോക്കോ. പോര്‍ച്ചുഗല്‍, ബെല്‍ജിയം, നെതര്‍ലന്‍ഡ്‌സ് ടീമുകള്‍ യഥാക്രമം ഏഴ്, എട്ട്, ഒമ്പത് സ്ഥാനങ്ങളിലാണ്. മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനി ആദ്യ പത്തില്‍ നിന്ന് പുറത്തായി 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നോര്‍വെ 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 19-ാം സ്ഥാനത്തെത്തി. ലോകകപ്പിന് യോഗ്യത നേടാനാകാതിരുന്ന ഇറ്റലി 15-ാം സ്ഥാനത്തും ഏഷ്യന്‍ കരുത്തരായ ജപ്പാന്‍ 17-ാം സ്ഥാനത്തുമാണ്.

ഇന്ത്യയ്‌ക്ക് റാങ്കിങ്ങില്‍ മാറ്റമില്ല. ഇന്ത്യന്‍ ടീം 138-ാം സ്ഥാനത്താണ് തുടരുന്നത്. ലോകകപ്പില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ കാബോ വെര്‍ദേ 64-ാം സ്ഥാനത്തെത്തി.

Share