ശബരിമല തന്ത്രി നിയമനത്തിൽ അന്തിമതീരുമാനം ഉടൻ; ദേവപ്രശ്ന പരിഹാരപൂജകൾ നടത്തുമെന്ന് ദേവസ്വം ബോർഡ്

Published by
ജനം വെബ്‌ഡെസ്ക്

ശബരിമല: ശബരിമല തന്ത്രി നിയമനവുമായി ബന്ധപ്പെട്ട് മൂന്നംഗസമിതിയെ നിയോഗിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു. സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

മകൻ ബ്രഹ്മദത്തനെ ശബരിമല തന്ത്രിയായി നിയമിക്കണമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ കത്ത് ദേവസ്വം ബോർഡ് പരിശോധിച്ചെങ്കിലും ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. വിഷയത്തിൽ വിവാദങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് തലമുതിർന്ന മൂന്ന് തന്ത്രിമാരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചതെന്ന് കെ. ജയകുമാർ പറഞ്ഞു. സമിതിയുമായി കൂടിയാലോചിച്ച ശേഷം ശുപാർശ ബോർഡിന് സമർപ്പിക്കും.

അതേസമയം, 2018-ലെ ദേവപ്രശ്നത്തിൽ നിർദേശിച്ച പരിഹാരക്രിയകളും പ്രായശ്ചിത്ത പൂജകളും നടത്താൻ ദേവസ്വം ബോർഡ് യോഗം തീരുമാനിച്ചു. ഗുരുവായൂരിൽ പാല്പായസം നടത്തിയത് ഒഴികെ ബാക്കിയുള്ള പരിഹാരപൂജകൾ വിവിധ ക്ഷേത്രങ്ങളിൽ പൂർത്തിയാക്കാനാണ് തീരുമാനം.

പരിഹാരക്രിയകൾക്കും പ്രായശ്ചിത്ത പൂജകൾക്കുമായി അഞ്ച് ലക്ഷം രൂപ അനുവദിച്ചതായും കെ. ജയകുമാർ അറിയിച്ചു. ഈ പൂജകൾ പൂർത്തിയാകുന്നതോടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയ തുടക്കമാകുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

Share