ലണ്ടൻ: ലണ്ടനിലെ ആഡംബര ഹോട്ടലിൽ 29-കാരനായ സൗദി രാജകുമാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. അബ്ദുല്ല ബിൻ ഫഹദ് ബിൻ അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ ജലാവി അൽ സൗദാണ് മരിച്ചത്. മദ്യം, ജിഎച്ച്ബി (GHB) എന്ന ലഹരിമരുന്ന്, ഉത്കണ്ഠ കുറയ്‌ക്കാൻ ഉപയോഗിക്കുന്ന മരുന്നുകൾ എന്നിവ ഒരുമിച്ച് ഉപയോഗിച്ചതിനെ തുടർന്നുണ്ടായ ഹൃദയസ്തംഭനമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ വർഷം നവംബർ 25-നാണ് ലണ്ടനിലെ കെൻസിങ്ടണിലുള്ള മാരിയറ്റ് ഹോട്ടലിലെ മുറിയിലെ കുളിമുറിയിൽ രാജകുമാരനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നതിനാൽ ഹോട്ടൽ ജീവനക്കാരൻ പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ രാജകുമാരൻ ഹോട്ടലിലേക്ക് ഒറ്റയ്‌ക്കാണ് വന്നതെന്നും, മറ്റാരും മുറിയിൽ പ്രവേശിച്ചതിന്റെ തെളിവില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി.
പരിശോധനയിൽ രാജകുമാരന്റെ രക്തത്തിൽ അമിത അളവിൽ മദ്യം കണ്ടെത്തി. ഇതിനൊപ്പം ജിഎച്ച്ബി, സാനാക്‌സ് (Xanax), ഉത്കണ്ഠ കുറയ്‌ക്കുന്ന മരുന്നുകൾ, കഞ്ചാവ് എന്നിവയുടെ സാന്നിധ്യവും കണ്ടെത്തി. ഇവയുടെ സംയുക്തഫലമാണ് ഹൃദയസ്തംഭനത്തിന് കാരണമായതെന്ന് മെഡിക്കൽ വിദഗ്ധർ കോടതിയെ അറിയിച്ചു. മരണത്തിന് മുമ്പ് രാജകുമാരൻ മദ്യാസക്തിക്ക് ചികിത്സ തേടിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.