മിലാന്‍: ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ലൂക്ക മോഡ്രിച്ച് എസി മിലാനില്‍ ഒരു വര്‍ഷം കൂടി തുടരും. 41-ാം വയസ്സിലേക്ക് കടക്കുന്ന താരം ക്ലബ്ബുമായി പുതിയ കരാറില്‍ ഒപ്പുവെച്ചതായി എസി മിലാന്‍ ഔദ്യോഗികമായി അറിയിച്ചു. പുതിയ കരാര്‍ പ്രകാരം മോഡ്രിച്ച് 2027 ജൂണ്‍ വരെ റോസനേരി ജഴ്സിയില്‍ തുടരും.
‘ക്രൊയേഷ്യന്‍ ഇതിഹാസം റോസനേരി ജഴ്സിയിലെ യാത്ര തുടരുന്നു’ എന്നായിരുന്നു കരാര്‍ പ്രഖ്യാപിച്ചുകൊണ്ട് ക്ലബ്ബിന്റെ പ്രതികരണം. കഴിഞ്ഞ വര്‍ഷം ഒരു വര്‍ഷത്തെ കരാറിലായിരുന്നു മോഡ്രിച്ച് മിലാനിലെത്തിയത്. അരങ്ങേറ്റ സീസണില്‍ 37 മത്സരങ്ങളില്‍ കളിച്ച അദ്ദേഹം രണ്ട് ഗോളുകളും സ്വന്തമാക്കി.
ഇറ്റാലിയന്‍ ലീഗില്‍ കഴിഞ്ഞ സീസണില്‍ അഞ്ചാം സ്ഥാനത്താണ് എസി മിലാന്‍ ഫിനിഷ് ചെയ്തത്. ക്ലബ്ബിന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ റൂബന്‍ അമോറിമിനെ മുഖ്യപരിശീലകനായി നിയമിച്ചിരിക്കുകയാണ്. പുതിയ സീസണില്‍ അമോറിമിന്റെ കീഴില്‍ യൂറോപ്പ ലീഗിലും ആഭ്യന്തര മത്സരങ്ങളിലും മിലാന്റെ പ്രധാന താരങ്ങളിലൊരാളായിരിക്കും മോഡ്രിച്ച്.
2018ലെ ബലോന്‍ ദ് ഓര്‍ ജേതാവായ മോഡ്രിച്ച്, റയല്‍ മാഡ്രിഡിനൊപ്പം 28 പ്രധാന കിരീടങ്ങള്‍ നേടിയ താരമാണ്. ക്രൊയേഷ്യയ്‌ക്കായി 202 മത്സരങ്ങളില്‍ നിന്ന് 29 ഗോളുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2026 ലോകകപ്പില്‍ റൗണ്ട് ഓഫ് 32 വരെ എത്തിയ ക്രൊയേഷ്യന്‍ ടീമിന്റെ പ്രകടനത്തില്‍ മോഡ്രിച്ചിന്റെ സംഭാവനയും ശ്രദ്ധേയമായിരുന്നു. പ്രായത്തെ വെല്ലുവിളിച്ച് ഉയര്‍ന്ന നിലവാരത്തില്‍ തുടരുന്ന മധ്യനിര ഇതിഹാസത്തെ ഒരു വര്‍ഷം കൂടി നിലനിര്‍ത്താന്‍ മിലാന്‍ തീരുമാനിച്ചതും അതുകൊണ്ടുതന്നെയാണ്.