ഇന്ത്യന്‍ വേരുകളുമായി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പുതിയ ചരിത്രം; എഐ മന്ത്രിയായി കനിഷ്‌ക നാരായണ്‍

Published by
ജനം വെബ്‌ഡെസ്ക്

ലണ്ടന്‍: ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണിനെ യുകെയുടെ ആദ്യ നിര്‍മിതബുദ്ധി (എഐ) മന്ത്രിയായി നിയമിച്ചു. ബ്രിട്ടീഷ് സര്‍ക്കാരില്‍ ഈ പദവി വഹിക്കുന്ന ആദ്യ വ്യക്തിയെന്ന നേട്ടവും ഇതോടെ കനിഷ്‌ക സ്വന്തമാക്കി. ബീഹാറിലെ മുസാഫര്‍പൂരില്‍ ജനിച്ച കനിഷ്‌ക നാരായണ്‍ 12-ാം വയസിലാണ് കുടുംബത്തോടൊപ്പം യുകെയിലെ കാര്‍ഡിഫിലേക്ക് കുടിയേറിയത്. കാര്‍ഡിഫിലെ സ്‌കൂളില്‍ പഠിക്കുന്നതിനിടെ ലഭിച്ച സ്‌കോളര്‍ഷിപ്പിന്റെ സഹായത്തോടെയാണ് ബ്രിട്ടനിലെ പ്രശസ്തമായ ഈറ്റണ്‍ കോളേജില്‍ വിദ്യാഭ്യാസം നേടിയത്.

തുടര്‍ന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് വിഷയങ്ങളില്‍ ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം പിന്നീട് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് എം.ബി.എയും നേടി. ലേബര്‍ പാര്‍ട്ടിയിലൂടെ രാഷ്‌ട്രീയ രംഗത്തെത്തിയ കനിഷ്‌ക നാരായണ്‍ 2022-ല്‍ വെയില്‍ ഓഫ് ഗ്ലാമോര്‍ഗന്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി ശ്രദ്ധ നേടി. തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിന് പരാജയപ്പെട്ടെങ്കിലും പാര്‍ട്ടിയില്‍ സജീവ സാന്നിധ്യമായി തുടര്‍ന്നു.

ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിനു ശേഷം പ്രധാനമന്ത്രി കിയര്‍ സ്റ്റാര്‍മര്‍ കനിഷ്‌കയെ ശാസ്ത്ര, ഇന്നൊവേഷന്‍, ടെക്‌നോളജി വകുപ്പിലെ പാര്‍ലമെന്ററി അണ്ടര്‍ സെക്രട്ടറിയായി നിയമിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ നിര്‍മിതബുദ്ധി നയങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എഐ മന്ത്രിയുടെ ചുമതലയും അദ്ദേഹത്തിന് കൈമാറി. സാങ്കേതികവിദ്യയിലും നിര്‍മിതബുദ്ധിയിലും ആഗോള നേതൃത്വം ഉറപ്പാക്കാനുള്ള ബ്രിട്ടന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ചുമതല സൃഷ്ടിച്ചതും അതിന്റെ നേതൃത്വത്തില്‍ കനിഷ്‌ക നാരായണിനെ നിയമിച്ചതും.

Share