സിഡ്‌നി: ഓസ്‌ട്രേലിയന്‍ ദേശീയ ഫുട്‌ബോള്‍ ടീം (സോക്കറൂസ്) മിഡ്ഫീല്‍ഡര്‍ ക്രിസ്റ്റ്യന്‍ വോള്‍പാറ്റോ അതിവേഗ ഡ്രൈവിങ്ങിനിടയില്‍ പൊലീസിന്റെ പിടിയിലായി. പരിശോധനയില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായും കണ്ടെത്തിയതോടെ താരത്തിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചു. 22-കാരനായ വോള്‍പാറ്റോയെ ഒരു ദിവസം തന്നെ രണ്ടുതവണയാണ് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് തടഞ്ഞത്. രാത്രി 11.05-ഓടെ ആന്‍സാക് ബ്രിഡ്ജിലൂടെ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗപരിധിയുള്ള മേഖലയിലൂടെ 86 മുതല്‍ 94 കിലോമീറ്റര്‍ വരെ വേഗത്തില്‍ ബി.എം.ഡബ്ല്യു കാര്‍ ഓടിച്ചതിനാണ് ആദ്യമായി പിടികൂടിയത്. അന്ന് നടത്തിയ ശ്വാസപരിശോധനയില്‍ മദ്യപിച്ചതായി കണ്ടെത്തിയിരുന്നില്ല.
എന്നാല്‍ രണ്ട് മണിക്കൂറിന് ശേഷം അതേ മേഖലയില്‍ മണിക്കൂറില്‍ 109 കിലോമീറ്റര്‍ വേഗത്തില്‍ വാഹനം ഓടിക്കുന്നതിനിടെ വീണ്ടും പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടത്തിയ മയക്കുമരുന്ന് പരിശോധനയിലാണ് വോള്‍പാറ്റോ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ന്യൂ സൗത്ത് വെയില്‍സ് പൊലീസ് താരത്തിന് അമിതവേഗത്തിന് പിഴ ചുമത്തുകയും അന്താരാഷ്‌ട്ര ഡ്രൈവിങ് ലൈസന്‍സ് ആറുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. ഇതോടെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് വാഹനം ഓടിക്കാന്‍ വോള്‍പാറ്റോയ്‌ക്ക് അനുമതിയുണ്ടാകില്ല.
കൂടുതല്‍ പരിശോധനകള്‍ക്കായി വോള്‍പാറ്റോയുടെ മറ്റൊരു ഓറല്‍ ഫ്‌ലൂയിഡ് സാമ്പിളും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 2026 ലോകകപ്പില്‍ ഓസ്‌ട്രേലിയയുടെ നാല് മത്സരങ്ങളില്‍ മൂന്നിലും വോള്‍പാറ്റോ കളിച്ചിരുന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനോട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതോടെയാണ് ഓസ്‌ട്രേലിയയുടെ ലോകകപ്പ് യാത്ര അവസാനിച്ചത്. ഇറ്റലിയുടെ യൂത്ത് ടീമിനായി കളിച്ചിരുന്ന വോള്‍പാറ്റോ കഴിഞ്ഞ മേയിലാണ് ഓസ്‌ട്രേലിയയ്‌ക്കായി കളിക്കാന്‍ തീരുമാനിച്ചത്.
2023 മുതല്‍ ഇറ്റാലിയന്‍ സീരി എ ക്ലബ്ബായ സസുവോളോയുടെ താരമായ അദ്ദേഹം കഴിഞ്ഞ സീസണില്‍ 24 ലീഗ് മത്സരങ്ങളില്‍ കളിച്ച് ടീമിനെ ലീഗില്‍ പതിനൊന്നാം സ്ഥാനത്തെത്തിക്കാന്‍ സഹായിച്ചിരുന്നു.