കോഴിക്കോട്: ലഹരി വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് അധ്യാപികമാരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും താത്കാലിക കായിക അധ്യാപികയായ മരുതോങ്കര സ്വദേശി കെ.സി. കീർത്തനയുമാണ് പിടിയിലായത്.
അന്വേഷണത്തിൽ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴി എം.ഡി.എം.എ വിൽപ്പനയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. ഇതോടെയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ആദ്യം പിടിയിലായത് താത്കാലിക കായിക അധ്യാപികയായ കീർത്തനയായിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ എഡ്യൂക്കേറ്ററായ കാവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇരുവരും ഉൾപ്പെട്ട സംഘം ജില്ലയിലെ എം.ഡി.എം.എ വിതരണ ശൃംഖല നിയന്ത്രിച്ചിരുന്നതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ലഹരി വാങ്ങാനെത്തുന്നവർ ആദ്യം ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയയ്‌ക്കും. തുടർന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഘത്തിലെ മറ്റ് അംഗങ്ങൾ എം.ഡി.എം.എ ആവശ്യക്കാർക്ക് കൈമാറുന്നതായിരുന്നു പ്രവർത്തനരീതി. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചുവരികയാണ്. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.