ബിസ്ക്കറ്റ് പാക്കറ്റിൽ 25 ഗ്രാം കുറഞ്ഞതിന് 50,000 രൂപ നഷ്ടപരിഹാരം; പാർലെയും ഹൈപ്പർമാർക്കറ്റും ചേർന്ന് പണം നൽകണം; ഉപഭോക്തൃ കമ്മിഷന്റെ ഉത്തരവ്

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: 150 ഗ്രാം എന്ന് രേഖപ്പെടുത്തി വിറ്റ ബിസ്കറ്റ് പായ്‌ക്കറ്റിൽ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയതോടെ  ബിസ്കറ്റ് കമ്പനിക്കും ഹൈപ്പർ മാർക്കറ്റിനും പിഴ വിധിച്ച് കണ്ണൂർ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ. ബിസ്കറ്റ് നിർമാതാക്കളായ പാർലെയും വിൽപ്പന നടത്തിയ മെട്രോ ഹൈപ്പർ മാർക്കറ്റും ചേർന്ന് 50,000 രൂപ നഷ്ടപരിഹാരം നൽകാനാണ് കമ്മീഷൻ ഉത്തരവിട്ടത്.

അഞ്ചരക്കണ്ടി കല്ലായി സ്വദേശിയായ ടി.പി. ആസിഖ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ വിധി. പ്രസിഡന്റ് രവി സുഷയും അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ.പി. സജീഷ് എന്നിവരും ഉൾപ്പെട്ട ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

2024 ജൂലൈ 26-ന് ചക്കരക്കല്ലിലെ മെട്രോ ഹൈപ്പർ മാർക്കറ്റിൽ നിന്നാണ് പരാതിക്കാരൻ 150 ഗ്രാം എന്ന് രേഖപ്പെടുത്തിയ പാർലെ 20-20 ബിസ്കറ്റ് വാങ്ങിയത്. തുടർന്ന് സമീപത്തെ കടയിൽ തൂക്കിയപ്പോഴാണ് പായ്‌ക്കറ്റിൽ 125 ഗ്രാം മാത്രമാണെന്ന് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്.

പരാതിക്കാരൻ ഹാജരാക്കിയ പായ്‌ക്കറ്റ് തങ്ങൾ നിർമിച്ചതാണെന്ന് ഉറപ്പില്ലെന്നും, ഉൽപ്പന്നങ്ങൾ പൂർണമായും യന്ത്രസഹായത്തോടെയാണ് നിർമ്മിക്കുന്നതെന്നുമായിരുന്നു പാർലെ കമ്പനിയുടെ വാദം. എന്നാൽ വിറ്റത് പാർലെ കമ്പനിയുടെ ഉൽപ്പന്നമാണെന്ന് മെട്രോ ഹൈപ്പർ മാർക്കറ്റ് സമ്മതിച്ചു. തൂക്കക്കുറവിന്റെ ഉത്തരവാദിത്വം നിർമാതാവിനാണെന്നും അവർ വാദിച്ചു.

രേഖകളും ലീഗൽ മെട്രോളജി വകുപ്പിന്റെ റിപ്പോർട്ടും പരിശോധിച്ച കമ്മിഷൻ, ഉൽപ്പന്നം പാർലെയുടേതാണെന്നും അളവിൽ കുറവുള്ള ഉൽപ്പന്നം വിപണിയിലെത്തിയത് സേവനത്തിലെ വീഴ്ചയാണെന്നും വിലയിരുത്തി. അത്തരം ഉൽപ്പന്നം വിറ്റ വിൽപ്പനക്കാരനും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മിഷൻ നിരീക്ഷിച്ചു.

ഇതിന്റെ അടിസ്ഥാനത്തിൽ പാർലെ കമ്പനി  25,000യും മെട്രോ ഹൈപ്പർ മാർക്കറ്റ് 10,000യും നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിട്ടു. കൂടാതെ, പാർലെ 10,000യും മെട്രോ ഹൈപ്പർ മാർക്കറ്റ് 5,000യും കോടതിച്ചെലവായി നൽകണമെന്നും നിർദേശിച്ചു.

ഉത്തരവിന്റെ പകർപ്പ് ലഭിച്ച് ഒരു മാസത്തിനകം തുക നൽകണം. അല്ലാത്തപക്ഷം, ഉത്തരവ് പുറപ്പെടുവിച്ച തീയതി മുതൽ 12 ശതമാനം പലിശ സഹിതം തുക നൽകേണ്ടിവരുമെന്നും കമ്മിഷൻ വ്യക്തമാക്കി. പരാതിക്കാരനുവേണ്ടി അഡ്വ. കെ.പി. മുഹമ്മദ് സിനാൻ ഹാജരായി.

Share