കോമണ്‍വെല്‍ത്തില്‍ റെക്കോര്‍ഡ് ഉയര്‍ത്തിയ ഇന്ത്യന്‍ കരുത്ത്; വെള്ളിയിലൂടെ ചരിത്രം കുറിച്ച് ഋഷികാന്ത സിങ്

Published by
ജനം വെബ്‌ഡെസ്ക്

ഗ്ലാസ്ഗോ: സ്വര്‍ണം കൈവിട്ടെങ്കിലും ചരിത്രം കുറിച്ച് ഇന്ത്യയുടെ ചനംബം ഋഷികാന്ത സിങ്. 2026 കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷന്മാരുടെ 60 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡ് തകര്‍ത്ത് വെള്ളിമെഡല്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം. സ്‌നാച്ചില്‍ പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് കുറിച്ച ഋഷികാന്ത, ആകെ 264 കിലോഗ്രാം ഉയര്‍ത്തിയാണ് ഇന്ത്യയ്‌ക്ക് ഗെയിംസിലെ രണ്ടാം മെഡല്‍ സമ്മാനിച്ചത്.

മലേഷ്യയുടെ മുഹമ്മദ് അനീഖ് ബിന്‍ കാസ്ദാന്‍ 273 കിലോഗ്രാമെന്ന പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയപ്പോള്‍, കെനിയയുടെ ജോഷ്വ അമുങ്ഗ എംബോയ 260 കിലോഗ്രാമുമായി വെങ്കലം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ ആധിപത്യം സ്ഥാപിച്ച ഋഷികാന്ത, സ്‌നാച്ചില്‍ 116 കിലോയും 119 കിലോയും അനായാസം ഉയര്‍ത്തിയ ശേഷം മൂന്നാം ശ്രമത്തില്‍ 121 കിലോഗ്രാം വിജയകരമായി ഉയര്‍ത്തി പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് കുറിച്ചു.

ഇത് താരത്തിന്റെ വ്യക്തിഗത മികച്ച പ്രകടനവുമായിരുന്നു. പിന്നീട് മലേഷ്യന്‍ താരം അനീഖും 121 കിലോ ഉയര്‍ത്തിയതോടെ ഇരുവരും തുല്യനിലയില്‍ ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലേക്ക് കടന്നു. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ ആദ്യ ശ്രമത്തില്‍ തന്നെ 143 കിലോഗ്രാം ഉയര്‍ത്തിയ ഋഷികാന്ത ആകെ 264 കിലോഗ്രാമിലെത്തി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ 148 കിലോഗ്രാം ഉയര്‍ത്താന്‍ താരത്തിന് കഴിഞ്ഞില്ല. അവസരം മുതലെടുത്ത അനീഖ് 149 കിലോഗ്രാം വിജയകരമായി ഉയര്‍ത്തി സ്വര്‍ണത്തിലേക്ക് മുന്നേറി.

സ്വര്‍ണം തിരിച്ചുപിടിക്കാന്‍ അവസാന ശ്രമത്തില്‍ 151 കിലോഗ്രാം ഉയര്‍ത്താന്‍ ഋഷികാന്ത ഇറങ്ങിയെങ്കിലും വിജയിച്ചില്ല. ഇതോടെ 264 കിലോഗ്രാമില്‍ ഇന്ത്യന്‍ താരത്തിന്റെ മത്സരം അവസാനിച്ചു. 273 കിലോഗ്രാമുമായി അനീഖ് സ്വര്‍ണം ഉറപ്പിച്ചപ്പോള്‍, 260 കിലോഗ്രാമോടെ എംബോയ വെങ്കലം സ്വന്തമാക്കി. മണിപ്പൂരിലെ ഇംഫാല്‍ വെസ്റ്റ് സ്വദേശിയായ ചനംബം ഋഷികാന്ത സിങ് ഇന്ത്യന്‍ സൈന്യത്തിന്റെ കായിക പരിശീലന പദ്ധതിയിലൂടെയാണ് വളര്‍ന്നുവന്നത്.

2025-ല്‍ അഹമ്മദാബാദില്‍ നടന്ന കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി കോമണ്‍വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടിയ താരം, 271 കിലോഗ്രാം (120 കിലോ സ്‌നാച്ച്, 151 കിലോ ക്ലീന്‍ ആന്‍ഡ് ജര്‍ക്ക്) ഉയര്‍ത്തി ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. 2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 55 കിലോഗ്രാം വിഭാഗത്തിലൂടെയാണ് ഋഷികാന്തയുടെ അരങ്ങേറ്റം. പിന്നീട് അന്താരാഷ്‌ട്ര ഭാരവിഭാഗങ്ങളില്‍ മാറ്റം വന്നതോടെ 60 കിലോഗ്രാം വിഭാഗത്തിലേക്ക് മാറിയ താരം തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് ഈ വിഭാഗത്തില്‍ പുറത്തെടുത്തത്.

2025 ലോക ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ 269 കിലോഗ്രാമുമായി 11-ാം സ്ഥാനത്തെത്തിയിരുന്ന ഋഷികാന്ത, 2024 ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 124 കിലോഗ്രാം സ്‌നാച്ച് ഉയര്‍ത്തി ദേശീയ റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. ഗ്ലാസ്ഗോയില്‍ നേടിയ വെള്ളിയും ഗെയിംസ് റെക്കോര്‍ഡും ഇന്ത്യന്‍ ഭാരോദ്വഹനത്തിലെ പുതിയ പ്രതീക്ഷയായി ഋഷികാന്ത സിങ്ങിനെ വീണ്ടും അടയാളപ്പെടുത്തുകയാണ്.

Share