പരീക്ഷാ പരിഷ്‌കാരത്തിന് നിര്‍ണായക നീക്കം; നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മോദി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷാ സംവിധാനം കൂടുതല്‍ വിശ്വസനീയവും സുതാര്യവുമാക്കുന്നതിനായി ഇന്‍ഫോസിസ് സഹസ്ഥാപകനും പ്രമുഖ സാങ്കേതിക വിദഗ്ധനുമായ നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. പരീക്ഷാ സംവിധാനത്തില്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ഭാവിയിലെ പരീക്ഷകള്‍ കൂടുതല്‍ സുരക്ഷിതവും വിശ്വാസ്യതയുള്ളതുമാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ ഭാവിയുമായി കളിച്ചവര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്നും കുറ്റക്കാര്‍ ജയിലിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി ഫാസ്റ്റ് ട്രാക്ക് കോടതികള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കൂടുതല്‍ കര്‍ശനമായ നിയമ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന പുതിയ നിയമനിര്‍മാണത്തിനുള്ള നടപടികളും പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ഉത്തരവാദിത്വമാണ്. പരീക്ഷാ സംവിധാനം വിശ്വസനീയവും സുതാര്യവുമായിരിക്കണം. അതിനായി സാങ്കേതികവിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പാക്കേണ്ടതുണ്ട്,’ പ്രധാനമന്ത്രി പറഞ്ഞു. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ലോകപ്രശസ്ത സാങ്കേതിക വിദഗ്ധനായ നന്ദന്‍ നിലേകണിയുടെ നേതൃത്വത്തില്‍ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുന്നതെന്നും സമിതി സമര്‍പ്പിക്കുന്ന ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന പരീക്ഷാ സംവിധാനത്തില്‍ സമഗ്രമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കും പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ നിര്‍ണായക പ്രഖ്യാപനം. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ സുതാര്യവും സുരക്ഷിതവുമായ പരീക്ഷാ സംവിധാനം ഒരുക്കുന്നതിനുള്ള പ്രധാന നടപടിയായാണ് പുതിയ ടാസ്‌ക് ഫോഴ്സിനെ വിലയിരുത്തുന്നത്.

Share