ന്യൂഡൽഹി: സർക്കാർ വാഹനങ്ങളുടെ ദുരുപയോഗം തടയാനും പൊതുപണം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കാനുമായി കേന്ദ്ര സർക്കാർ “ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം” (One Officer, One Official Car) നയം നടപ്പാക്കി. ധനമന്ത്രാലയത്തിന് കീഴിലുള്ള ഓഫീസ് ഓഫ് എക്സപെൻഡീച്ചറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
പുതിയ നയം അനുസരിച്ച്, ഒരു ഉദ്യോഗസ്ഥന് ഇതിനകം ഔദ്യോഗിക വാഹനം അനുവദിച്ചിട്ടുണ്ടെങ്കിൽ, പിന്നീട് മറ്റൊരു മന്ത്രാലയത്തിന്റെയോ വകുപ്പിന്റെയോ പൊതുമേഖലാ സ്ഥാപനത്തിന്റെയോ സ്വയംഭരണ സ്ഥാപനത്തിന്റെയോ അധിക ചുമതല ലഭിച്ചാലും രണ്ടാമത്തെ സർക്കാർ വാഹനം അനുവദിക്കില്ല.
ചെലവ് ചുരുക്കാനും ദുരുപയോഗം തടയാനും
സർക്കാർ വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗവും അനാവശ്യ ചെലവ് കുറയ്‌ക്കലുമാണ് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം. ഒരേ ഉദ്യോഗസ്ഥന് ഒന്നിലധികം സർക്കാർ വാഹനങ്ങൾ അനുവദിക്കുന്ന രീതി അവസാനിപ്പിക്കുന്നതിലൂടെ ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി ചെലവ്, വാഹന പരിപാലനച്ചെലവ് എന്നിവ ഗണ്യമായി കുറയ്‌ക്കാനാകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഇതോടൊപ്പം ഉപയോഗിക്കാതെ കിടക്കുന്ന സർക്കാർ വാഹനങ്ങൾ നിർദിഷ്ട സ്ഥലങ്ങളിൽ പാർക്ക് ചെയ്യണമെന്നും അനാവശ്യമായി ഉപയോഗിക്കരുതെന്നും എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങളും ഉപയോഗിക്കരുത്
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ സ്വയംഭരണ സ്ഥാപനങ്ങളുടെയോ അർധസർക്കാർ സ്ഥാപനങ്ങളുടെയോ വാഹനങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്നതും പുതിയ ഉത്തരവ് വിലക്കുന്നു. എന്നാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ സന്ദർശിക്കുന്ന സാഹചര്യത്തിൽ മാത്രം അവിടത്തെ വാഹനം ഉപയോഗിക്കാൻ ഇളവ് അനുവദിച്ചിട്ടുണ്ട്.
2022ലെ മാർഗനിർദേശങ്ങൾക്ക് കൂടുതൽ ശക്തി
2022 സെപ്റ്റംബറിൽ പുറത്തിറക്കിയ സർക്കാർ വാഹന ഉപയോഗവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ കൂടുതൽ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉത്തരവെന്ന് ധനമന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ കേന്ദ്ര മന്ത്രാലയങ്ങൾക്കും വകുപ്പുകൾക്കും ഓഫീസ് മെമ്മോറാണ്ടം കൈമാറിയിട്ടുണ്ട്.
സുതാര്യതയും സാമ്പത്തിക അച്ചടക്കവും ലക്ഷ്യം
സർക്കാർ വാഹനങ്ങളുടെ അനാവശ്യ വിനിയോഗം ഒഴിവാക്കി ഭരണസംവിധാനത്തിൽ കൂടുതൽ സുതാര്യതയും സാമ്പത്തിക അച്ചടക്കവും ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യം. പൊതുപണത്തിന്റെ കാര്യക്ഷമമായ വിനിയോഗത്തിനും സർക്കാർ വിഭവങ്ങളുടെ മികച്ച മാനേജ്മെന്റിനും ഈ തീരുമാനം സഹായകരമാകുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്