ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി വീണ്ടും ചരിത്രനേട്ടത്തിലേക്ക്. ഇന്‍സ്റ്റഗ്രാമില്‍ 105 മില്യണ്‍ ഫോളോവേഴ്‌സ് പിന്നിട്ട് ലോകത്ത് 100 മില്യണ്‍ ഫോളോവേഴ്‌സ് മറികടക്കുന്ന ആദ്യ രാഷ്‌ട്രീയ നേതാവ് എന്ന റെക്കോര്‍ഡ് മോദി സ്വന്തമാക്കി. സമീപ ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പങ്കുവെച്ച റീല്‍സ് വന്‍തോതില്‍ വൈറലായതോടെയാണ് ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ കുത്തനെ വര്‍ധനയുണ്ടായത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ മാത്രം 40 ലക്ഷത്തിലധികം പേരാണ് മോദിയെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരാന്‍ തുടങ്ങിയത്.
ലോക രാഷ്‌ട്രീയ നേതാക്കളില്‍ രണ്ടാമതുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിലവില്‍ 43.2 മില്യണ്‍ ഫോളോവേഴ്‌സാണ് ഉള്ളത്. ട്രംപിനെക്കാള്‍ രണ്ടിരട്ടിയിലധികം ഫോളോവേഴ്‌സാണ് മോദിക്കുള്ളത്. ഇതോടെ ഡിജിറ്റല്‍ ലോകത്തും മോദിയുടെ ജനപ്രീതി വീണ്ടും ശ്രദ്ധേയമായി. ഇന്ത്യന്‍ രാഷ്‌ട്രീയ നേതാക്കളില്‍ മറ്റാരും മോദിയുടെ അടുത്തെത്തുന്നില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് 16.1 മില്യണ്‍ ഫോളോവേഴ്‌സും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് 12.6 മില്യണ്‍ ഫോളോവേഴ്‌സുമാണ് ഇന്‍സ്റ്റഗ്രാമിലുള്ളത്.
സമൂഹമാധ്യമങ്ങളിലൂടെ വിവിധ സര്‍ക്കാര്‍ പദ്ധതികളും യുവജനങ്ങളെയും വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടുള്ള സന്ദേശങ്ങളും സ്ഥിരമായി പങ്കുവെക്കുന്ന മോദിയുടെ ഡിജിറ്റല്‍ ഇടപെടലുകളാണ് ഈ വന്‍ ജനപ്രീതിക്ക് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.















