ന്യൂഡല്‍ഹി: പാക് അധീന ജമ്മു-കശ്മീരില്‍ (പിഒകെ) പാകിസ്ഥാന്‍ നടത്തുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ഇത് നിയമവിരുദ്ധ അധിനിവേശം മറച്ചുവയ്‌ക്കാനും മേഖലയിലെ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ മറച്ചുപിടിക്കാനുമുള്ള കപടശ്രമം മാത്രമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിവാര മാധ്യമസമ്മേളനത്തില്‍ സംസാരിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍, ജമ്മു-കശ്മീരും ലഡാക്കും ഉള്‍പ്പെടെ പാകിസ്ഥാന്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന പ്രദേശങ്ങളും ഇന്ത്യയുടെ അവിഭാജ്യവും വേര്‍പിരിയാനാകാത്തതുമായ ഭാഗമാണെന്ന് ആവര്‍ത്തിച്ചു.
പാക് അധീന കശ്മീരില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്ന പേരിലുള്ള നടപടി നിയമവിരുദ്ധ അധിനിവേശത്തെ മറയ്‌ക്കാനുള്ള ശ്രമം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലുടനീളം തുടരുന്ന ജനകീയ പ്രതിഷേധങ്ങള്‍ പാകിസ്ഥാന്റെ സാമ്പത്തിക ചൂഷണത്തിന്റെയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെയും ഭരണപരമായ വീഴ്ചകളുടെയും പ്രത്യാഘാതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, പിഒകെയിലെ റാവലക്കോട്ടില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പാകിസ്ഥാന്‍ സുരക്ഷാസേന നടത്തിയതായി പറയപ്പെടുന്ന വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും രണ്ട് ഡസനിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംയുക്ത അവാമി ആക്ഷന്‍ കമ്മിറ്റി നേതാവ് ഇംതിയാസ് അസ്ലം പുറത്തുവിട്ട വീഡിയോയില്‍, റാവലക്കോട്ടിലെ പ്രതിഷേധത്തിനിടെ പാകിസ്ഥാന്‍ സേന നിരായുധരായ യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും, പ്രക്ഷോഭ സ്ഥാപകനായ ഒമര്‍ നസീര്‍ കശ്മീരിയുടെ സഹോദരന്‍ ഉസ്മാന്‍ നസീര്‍ ഉള്‍പ്പെടെ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും ആരോപിച്ചു.
പാക് അധീന കശ്മീരിലെ ജനകീയ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള പാകിസ്ഥാന്റെ നീക്കം. ഇത് ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തലും ശക്തമാണ്.