മുംബൈ: ഇതിഹാസ നടൻ ദേവ് ആനന്ദിന്റെ മകനും നടനുമായ സുനിൽ ആനന്ദ് (70) അന്തരിച്ചു. യാത്രയ്‌ക്കിടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിനിടെ ലണ്ടനിൽ എത്തിയപ്പോഴാണ് സുനിൽ ആനന്ദിന് ഹൃദയാഘാതമുണ്ടായത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിശോധനകൾക്ക് ശേഷം ഹൃദയത്തിലേക്കുള്ള രക്തയോട്ടം സാധാരണ നിലയിലാക്കാൻ സ്റ്റന്റ് ഇടാൻ ഡോക്ടർമാർ തീരുമാനിച്ചു. എന്നാൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് മുമ്പ് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ദേവ് ആനന്ദ് അന്തരിച്ച അതേ ആശുപത്രിയിലാണ് സുനിൽ ആനന്ദും അവസാന ശ്വാസം വലിച്ചതെന്നാണ് റിപ്പോർട്ടുകൾ.
1984-ൽ പുറത്തിറങ്ങിയ ‘ആനന്ദ് ഔർ ആനന്ദ്’ എന്ന ചിത്രത്തിലൂടെയാണ് സുനിൽ ആനന്ദ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന്റെ സംവിധായകൻ അദ്ദേഹത്തിന്റെ പിതാവ് ദേവ് ആനന്ദായിരുന്നു. തുടർന്ന് ‘കാർ തീവ്സ്’, ‘മെയിൻ തേറെ ലിയേ’, ‘മാസ്റ്റർ’ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. എന്നാൽ കുറച്ച് കാലത്തിന് ശേഷം സിനിമയിൽ നിന്ന് അകന്ന് സ്വകാര്യ ജീവിതത്തിലേക്ക് മാറുകയായിരുന്നു.
ഹിന്ദി സിനിമയിലെ എക്കാലത്തെയും ജനപ്രിയ താരങ്ങളിൽ ഒരാളായിരുന്നു ദേവ് ആനന്ദ്. 1950-കളിലും 1960-കളിലും സൂപ്പർതാരമായി മാറിയ അദ്ദേഹം നിരവധി ക്ലാസിക് സിനിമകളുടെ ഭാഗമായിരുന്നു. നിർമാതാവ് കൂടിയായ ദേവ് ആനന്ദ് നവകേതൻ ഫിലിംസ് എന്ന നിർമ്മാണ കമ്പനി സ്ഥാപിച്ചു. വ്യത്യസ്തമായ അഭിനയശൈലി, സ്റ്റൈലിഷ് വേഷങ്ങൾ, പ്രത്യേക നടത്തം എന്നിവയിലൂടെ അദ്ദേഹം ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയിരുന്നു. അച്ഛന്റെ സിനിമാ പാരമ്പര്യം പിന്തുടർന്ന സുനിൽ ആനന്ദ് അഭിനയരംഗത്ത് എത്തിയെങ്കിലും പിന്നീട് മാധ്യമശ്രദ്ധയിൽ നിന്ന് അകന്ന് ശാന്തമായ ജീവിതമാണ് നയിച്ചത്.