ന്യൂഡല്‍ഹി: യുകെയുടെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലിഫോണില്‍ സംസാരിച്ചു. അധികാരമേറ്റതിന് അഭിനന്ദനം അറിയിച്ച മോദി, ഇന്ത്യ-യുകെ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു.
‘എക്സ്’ പ്ലാറ്റ്ഫോമിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ആന്‍ഡി ബേണ്‍ഹാമിന് വിജയകരമായ ഭരണകാലം ആശംസിച്ചതായും സാങ്കേതികവിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, ശുദ്ധ ഊര്‍ജം, വിദ്യാഭ്യാസം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളില്‍ സഹകരണം വിപുലീകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായും മോദി വ്യക്തമാക്കി.
അടുത്തിടെ പ്രാബല്യത്തില്‍ വന്ന ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ ഇരുരാജ്യങ്ങളുടെയും വ്യാപാര-നിക്ഷേപ ബന്ധങ്ങള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി ചൂണ്ടിക്കാട്ടി. കരാറിന്റെ മുഴുവന്‍ സാധ്യതകളും പ്രയോജനപ്പെടുത്തി ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുകെ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, ഇന്ത്യയുമായുള്ള ചരിത്രപരമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിടുന്ന ‘യുകെ-ഇന്ത്യ വിഷന്‍ 2035’ പദ്ധതിയെക്കുറിച്ച് ബേണ്‍ഹാം വിശദീകരിച്ചു. ഇന്ത്യയുമായുള്ള ജനങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനും അദ്ദേഹം പ്രാധാന്യം നല്‍കി.
ബ്രിട്ടീഷ് സമൂഹത്തിന് ഇന്ത്യന്‍ വംശജര്‍ നല്‍കിയ സംഭാവനകളെയും ബേണ്‍ഹാം പ്രശംസിച്ചു. മറുപടിയായി അഹമ്മദാബാദിനെ ‘ഇന്ത്യയുടെ മാഞ്ചസ്റ്റര്‍’ എന്ന് വിശേഷിപ്പിച്ച മോദി, മാഞ്ചസ്റ്ററും അഹമ്മദാബാദും തമ്മിലുള്ള ചരിത്രപരമായ ബന്ധവും ഓര്‍മ്മിപ്പിച്ചു. കൃത്രിമ ബുദ്ധി ഉള്‍പ്പെടെയുള്ള അത്യാധുനിക സാങ്കേതിക മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ഇരുനേതാക്കളും ധാരണയായി.
യുകെ-ഇന്ത്യ ടെക്നോളജി സെക്യൂരിറ്റി ഇനിഷ്യേറ്റീവിന് വ്യക്തിപരമായ പിന്തുണ തുടരുമെന്നും ബേണ്‍ഹാം അറിയിച്ചു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. മേഖലയില്‍ സംഘര്‍ഷം കുറയ്‌ക്കാനും ഹോര്‍മുസ് കടലിടുക്ക് വീണ്ടും സാധാരണ നിലയിലാക്കുന്നതിനുള്ള ശ്രമങ്ങളില്‍ സഹകരിക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചു. സമീപഭാവിയില്‍ നേരിട്ട് കൂടിക്കാഴ്ച നടത്താനും തുടര്‍ന്നും അടുത്ത ബന്ധം പുലര്‍ത്താനും മോദിയും ബേണ്‍ഹാമും ധാരണയിലെത്തി.