ന്യൂഡൽഹി: പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തുന്ന E20 പദ്ധതി ഇല്ലായിരുന്നുവെങ്കിൽ ഒരു ലിറ്റർ പെട്രോളിന് 125 രൂപ വരെ നൽകേണ്ടി വരുമായിരുന്നെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 135 ഡോളറിലെത്തിയപ്പോഴും ഇന്ധനവില നിയന്ത്രിക്കാൻ എത്തനോൾ മിശ്രിതം നിർണായക പങ്കാണ് വഹിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി.
മുൻകൂട്ടി നിശ്ചയിച്ച വിലയ്‌ക്ക് രാജ്യത്തിനകത്ത് തന്നെ എത്തനോൾ സംഭരിച്ചതിനാൽ, ഓരോ ലിറ്റർ പെട്രോളിലും 20 ശതമാനം എത്തനോൾ ചേർത്ത് വില നിയന്ത്രിക്കാനായി. ഇതുവഴി ഉപഭോക്താക്കൾക്ക് ഒരു ലിറ്റർ പെട്രോളിന് 94.77 രൂപ മാത്രം നൽകേണ്ടിവന്നതായും, പ്രതിസന്ധിയുടെ ഏറ്റവും രൂക്ഷമായ ഘട്ടത്തിൽ ലിറ്ററിന് ഏകദേശം 30 രൂപ വരെ ലാഭിക്കാനായതായും മന്ത്രാലയം അറിയിച്ചു.
പാവപ്പെട്ടവർക്കായി മാറ്റിവെച്ച ധാന്യങ്ങളോ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (FCI) സബ്സിഡി അരിയോ എത്തനോൾ ഉൽപ്പാദനത്തിന് ഉപയോഗിക്കുന്നുവെന്ന ആരോപണങ്ങളും മന്ത്രാലയം തള്ളി. E20 പെട്രോൾ ഘട്ടംഘട്ടമായാണ് രാജ്യത്ത് നടപ്പാക്കിയതെന്നും, ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നയം മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു.. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായെങ്കിലും, ഏകദേശം 75 ദിവസത്തോളം രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറവിലയിൽ മാറ്റം വരുത്തിയിരുന്നില്ല.