മലപ്പുറത്ത് മണിക്കൂറുകൾക്കിടെ രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ടര വയസ്സുകാരനും നാലുവയസ്സുകാരനും മരിച്ചു

Published by
ജനം വെബ്‌ഡെസ്ക്

മലപ്പുറം: ജില്ലയിൽ വീണ്ടും ഒഴുക്കിൽപ്പെട്ട് കുട്ടി മരിച്ചു. വണ്ടൂർ തിരുവാലി ഗ്രാമപഞ്ചായത്തിലെ കണ്ടമംഗലത്താണ് ദാരുണ സംഭവം. കണ്ടമംഗലം നൊട്ടൻ വീട്ടിൽ അബ്ദുൽ മുനീറിന്റെയും തസ്ലീമ ഭാനുവിന്റെയും മകനായ അബ്ദുൽ മുഹയിനാണ് മരിച്ചത്.

തോടരികിൽ കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ കുട്ടി വെള്ളത്തിൽ വീണ് ഒഴുക്കിൽപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. നാട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇതിന് മണിക്കൂറുകൾക്ക് മുമ്പ് കൊണ്ടോട്ടിയിലെ നീറാട് തോട്ടിൽ ഒഴുക്കിൽപ്പെട്ട് നാലുവയസ്സുകാരനും മരിച്ചിരുന്നു. തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ശക്തമായ മഴയെ തുടർന്ന് ജില്ലയിലെ തോടുകളിലും ചെറുനദികളിലും ജലനിരപ്പ് അപകടകരമായി ഉയർന്നിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കുട്ടികളെ തോടുകൾ, പുഴകൾ, കുളങ്ങൾ തുടങ്ങിയ ജലാശയങ്ങൾക്ക് സമീപത്തേക്ക് ഒറ്റയ്‌ക്ക് വിടരുതെന്നും അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. മഴ തുടരുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന അഭ്യർഥനയും അധികൃതർ ആവർത്തിച്ചു.

Share