കണ്ണൂര്‍: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയെ തുടര്‍ന്ന് പഴശ്ശി ഡാമിന്റെ റിസര്‍വോയറിലേക്കുള്ള നീരൊഴുക്ക് വലിയ തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ 15 ഷട്ടറുകളും ക്രമാനുഗതമായി നാല് മീറ്റര്‍ വരെ ഉയര്‍ത്തി. ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഡാമില്‍നിന്ന് വെള്ളം ഒഴുക്കിവിടുന്നതിന്റെ പശ്ചാത്തലത്തില്‍ ബാവലിപ്പുഴയുടെ ഇരുകരകളിലുള്ള പ്രദേശങ്ങളിലും വളപട്ടണം പുഴയുടെ തീരപ്രദേശങ്ങളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളായ പടിയൂര്‍, പായം, വിളമന, കീഴൂര്‍, വയത്തൂര്‍, ചാവശ്ശേരി എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കൂടാതെ വളപട്ടണം പുഴയുടെ പടിയൂര്‍, ചാവശ്ശേരി, പൊറോറ, എളയന്നൂര്‍, കൊട്ടാരം, മണ്ണൂര്‍ എന്നീ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും നദിയോട് ചേര്‍ന്നുള്ള മേഖലകളിലുള്ളവരും പ്രത്യേക ജാഗ്രത സ്വീകരിക്കണമെന്ന് നിര്‍ദേശമുണ്ട്.
ജലനിരപ്പ് ഇനിയും ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് നദീതീരങ്ങളില്‍ അനാവശ്യമായി ഇറങ്ങരുതെന്നും മത്സ്യബന്ധനം, കുളിക്കല്‍, മറ്റ് ജലാശയ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. സ്ഥിതിഗതികള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും ആവശ്യമായാല്‍ കൂടുതല്‍ നിയന്ത്രണ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.