ഇന്തോനേഷ്യയില്‍ യാത്രക്കപ്പലില്‍ തീപിടിത്തം; യാത്രക്കാര്‍ കടലിലേക്ക് ചാടി; അഞ്ച് പേര്‍ മരിച്ചു; 41 പേരെ കാണാനില്ല

Published by
ജനം വെബ്‌ഡെസ്ക്

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ യാത്രാ ഫെറിക്ക് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. അപകടത്തില്‍ 41 പേരെ കാണാതായതായി രാജ്യത്തെ തിരച്ചില്‍-രക്ഷാ ഏജന്‍സി അറിയിച്ചു. ഏകദേശം 250 യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന കെഎംപി മുത്യാര സെന്‍സോസ-2 എന്ന ഫെറിയിലാണ് അപകടമുണ്ടായത്.

മധുര ദ്വീപിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു ദുരന്തം. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്ന ഫെറിക്ക് യാത്ര ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തീപിടിക്കുകയായിരുന്നു. ക്യാപ്റ്റന്‍ അപകടവിവരം അധികൃതരെ അറിയിച്ചെങ്കിലും പിന്നാലെ കപ്പലുമായുള്ള ആശയവിനിമയം പൂര്‍ണമായും നിലച്ചു.

തീപിടിത്തത്തില്‍ ഫെറി ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചതായി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. കപ്പലിന്റെ മുകള്‍ഭാഗത്ത് നിന്ന് കറുത്ത പുക ഉയരുന്നതും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച യാത്രക്കാര്‍ രക്ഷയ്‌ക്കായി ഒരുവശത്ത് തടിച്ചുകൂടുന്നതുമായ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിലര്‍ ജീവന്‍ രക്ഷിക്കാന്‍ കടലിലേക്ക് ചാടിയതായും റിപ്പോര്‍ട്ടുണ്ട്.

അപകടം ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന കപ്പലുകള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു. കടലില്‍ വീണ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ രക്ഷാകപ്പലുകളും ദുരന്തസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യന്‍ അധികൃതര്‍ അറിയിച്ചു.

Share