കേരളത്തില്‍ മഴ കനക്കും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മത്സ്യബന്ധനത്തിന് സമ്പൂര്‍ണ വിലക്ക്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാല്‍ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറിനിടെ 11.5 സെന്റിമീറ്റര്‍ മുതല്‍ 20.4 സെന്റിമീറ്റര്‍ വരെ അതിശക്തമായ മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചിലയിടങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്.

കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പൂര്‍ണ വിലക്ക് തുടരുകയാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

മഴക്കെടുതിയില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും വീടുകള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നവര്‍ക്കും കൃഷിനാശം സംഭവിച്ചവര്‍ക്കും കന്നുകാലി നഷ്ടമായവര്‍ക്കും പരമാവധി സഹായം ഉറപ്പാക്കുമെന്നും മന്ത്രി എ.പി. അനില്‍ കുമാര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടെന്നും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒഴുകിയെത്തിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2018ലെ പ്രളയത്തിന് സമാനമായ സാഹചര്യമല്ല നിലവിലുള്ളതെങ്കിലും ജാഗ്രത തുടരേണ്ടതുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

പൊന്നാനി ഉള്‍പ്പെടെയുള്ള തീരദേശ മേഖലകളില്‍ മാറിത്താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്നും മലപ്പുറത്ത് മഴക്കെടുതിയില്‍ രണ്ട് കുട്ടികള്‍ മരിച്ച സംഭവം ഏറെ ദുഃഖകരമാണെന്നും മന്ത്രി പറഞ്ഞു. മഴ ശക്തമായ സാഹചര്യത്തില്‍ കുട്ടികള്‍ വീടുകള്‍ക്ക് പുറത്തേക്ക് പോകുന്നത് പരമാവധി ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഉറപ്പാക്കുമെന്നും ദുരിതബാധിത മേഖലകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Share