കരുമാലൂര്‍: എറണാകുളം ജില്ലയിലെ കരുമാലൂരില്‍ കടയില്‍ നിന്ന് വാങ്ങിയ ചോക്ലേറ്റില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ ബാക്കിയുള്ള ഡയറി മില്‍ക്ക് ക്രിസ്പലോ ചോക്ലേറ്റിലാണ് പുഴുവിനെയും പുഴുവിന്റെ കൂടിനെയും കണ്ടെത്തിയതെന്ന് ഉപഭോക്താവ് ആരോപിച്ചു. ഇന്ന് ഉച്ചയോടെയാണ് കരുമാലൂരിലെ ഒരു കടയില്‍ നിന്ന് 40 രൂപ വിലയുള്ള ചോക്ലേറ്റ് വാങ്ങിയത്. 2027 ജനുവരി 12 വരെയാണ് ഉപയോഗിക്കാവുന്നതെന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിരുന്നത്.
കാലാവധി കഴിഞ്ഞിട്ടില്ലാത്ത ഉല്‍പ്പന്നത്തിനുള്ളില്‍ പുഴുവിനെ കണ്ടെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കരുമാലൂര്‍ സ്വദേശിയായ അഭിലാഷിന് സഹോദരി വാങ്ങിക്കൊണ്ടുവന്ന ചോക്ലേറ്റ് തുറന്നപ്പോഴാണ് പുഴുവിനെയും അതിന്റെ കൂടിനെയും കണ്ടെത്തിയത്. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനും ആരോഗ്യ വകുപ്പിനും പരാതി നല്‍കിയതായി അഭിലാഷ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട അധികൃതര്‍ അന്വേഷണം നടത്തുമെന്നാണ് വിവരം. കമ്പനിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.