മലപ്പുറം: ജീവനൊടുക്കുകയാണെന്ന സന്ദേശം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ശേഷം കാണാതായ യുവാവിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പോലീസ് കണ്ടെത്തി. തിരുവാലി പത്തിരിയാർ സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ആശങ്ക പരത്തിയത്.
യുവാവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാതിരുന്നതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചതിൽ യുവാവ് എടവണ്ണ സീതി ഹാജി പാലം പരിസരത്ത് എത്തിയതായി കണ്ടെത്തി.
അടുത്തുള്ള ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവാവ് ചാലിയാർ പുഴയുടെ തീരത്തേക്ക് പോകുന്നതായി വ്യക്തമായി. ഇതോടെ പോലീസും അഗ്നിരക്ഷാസേനയും സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പാലത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തി.
തിരച്ചിലിനിടെ യുവാവിന്റെ മൊബൈൽ ഫോണും കൈവാച്ചും പുഴയോരത്തെ പമ്പ് ഹൗസിന് സമീപത്ത് നിന്ന് കണ്ടെത്തി. പിന്നീട് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഉച്ചയ്‌ക്ക് 1.05-ന് പുഴയുടെ തീരത്തേക്ക് പോയ യുവാവ് 1.35-ഓടെ തിരിച്ചുപോകുന്നതായും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കളും പോലീസും നടത്തിയ തുടർ അന്വേഷണത്തിനൊടുവിൽ യുവാവിനെ രാത്രി കോഴിക്കോട് കൂളിമാട് ഭാഗത്ത് നിന്ന് കണ്ടെത്തി. അവശനിലയിലായിരുന്ന യുവാവിനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.