ന്യൂഡല്‍ഹി: പ്രതിരോധ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റത്തില്‍ നിര്‍ണായക നാഴികക്കല്ലായി തദ്ദേശീയ ടര്‍ബോജെറ്റ് എഞ്ചിന്‍ വികസനം. ഇന്ത്യയുടെ ക്രൂസ് മിസൈലുകള്‍ക്കും ഡ്രോണുകള്‍ക്കും കരുത്തേകുന്ന 350 കിലോഗ്രാം ത്രസ്റ്റ് (ഏകദേശം 3.4 കിലോന്യൂട്ടണ്‍) ശേഷിയുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ രാജ്യത്ത് ആദ്യമായി പൂര്‍ണമായും തദ്ദേശീയ സാങ്കേതികവിദ്യയില്‍ വികസിപ്പിച്ചു. ഇതോടെ പ്രതിരോധ മേഖലയിലെ ഇന്ത്യയുടെ സാങ്കേതിക സ്വയംപര്യാപ്തതയ്‌ക്ക് പുതിയ കരുത്താണ് ലഭിച്ചിരിക്കുന്നത്.
ഡിആര്‍ഡിഒയുടെ കീഴിലുള്ള ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്‌മെന്റ് രൂപകല്‍പന ചെയ്ത എഞ്ചിന്‍ ഹൈദരാബാദ് ആസ്ഥാനമായ സ്വകാര്യ സ്ഥാപനമായ ആസാദ് എഞ്ചിനിയറിംഗ് ആണ് നിര്‍മ്മിച്ചത്. വിദേശരാജ്യങ്ങളുടെ സഹായമില്ലാതെ ഇന്ത്യ സ്വന്തമായി ടര്‍ബോജെറ്റ് എഞ്ചിന്‍ വികസിപ്പിക്കുന്നതും നിര്‍മ്മിക്കുന്നതും ഇതാദ്യമായാണ്. ആദ്യഘട്ടത്തില്‍ വികസിപ്പിച്ച ഈ എഞ്ചിന്‍ ഒറ്റ ദൗത്യങ്ങള്‍ക്കായാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ക്രൂസ് മിസൈലുകള്‍, ലോയിറ്ററിംഗ് മ്യൂനിഷന്‍ വിഭാഗത്തില്‍പ്പെടുന്ന ഡ്രോണുകള്‍, കപ്പല്‍വേധ മിസൈലുകള്‍ എന്നിവയില്‍ ഇത് ഉപയോഗിക്കാനാകും.
നിലവില്‍ ശബ്ദവേഗത്തേക്കാള്‍ കുറഞ്ഞ വേഗതയില്‍ സഞ്ചരിക്കുന്ന ക്രൂസ് മിസൈലുകള്‍ക്കാണ് ഈ എഞ്ചിന്‍ അനുയോജ്യം. ഇന്ത്യയുടെ ‘നിര്‍ഭയ്’ പോലുള്ള മിസൈലുകള്‍ക്ക് ഇതിലൂടെ കൂടുതല്‍ തദ്ദേശീയ കരുത്ത് ലഭിക്കും. അതേസമയം, ബ്രഹ്‌മോസ് പോലുള്ള സൂപ്പര്‍സോണിക് മിസൈലുകളില്‍ ഉപയോഗിക്കുന്ന റാംജെറ്റ് എഞ്ചിനുകള്‍ക്ക് പകരം ഈ എഞ്ചിന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. യുദ്ധവിമാനങ്ങളിലും ഈ ടര്‍ബോജെറ്റ് എഞ്ചിന്‍ ഉപയോഗിക്കാനാകില്ല. കാരണം, ഇത് ഒരുതവണ മാത്രം ഉപയോഗിക്കാവുന്ന എഞ്ചിനാണ്. മിസൈല്‍ ലക്ഷ്യസ്ഥാനത്ത് എത്തി സ്ഫോടനം നടത്തിയാല്‍ എഞ്ചിന്റെ ദൗത്യം അവസാനിക്കും.
എങ്കിലും, സ്വന്തം സാങ്കേതികവിദ്യയില്‍ ടര്‍ബോജെറ്റ് എഞ്ചിന്‍ വികസിപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് സാധിച്ചെന്നത് രാജ്യത്തിന്റെ പ്രതിരോധ-എയ്റോസ്‌പേസ് മേഖലയിലെ വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ടര്‍ബോജെറ്റ് എഞ്ചിന്‍ നിര്‍മ്മാണത്തിന് അത്യാധുനിക മെറ്റലര്‍ജി, സൂക്ഷ്മ എഞ്ചിനീയറിംഗ്, ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണ സാങ്കേതികവിദ്യ എന്നിവ അനിവാര്യമാണ്. ലോകത്തിലെ വളരെ കുറച്ച് രാജ്യങ്ങള്‍ക്കു മാത്രമാണ് ഈ സാങ്കേതികവിദ്യ സ്വന്തമായുള്ളത്.
ഭാവിയില്‍ കൂടുതല്‍ കരുത്തും ഇന്ധനക്ഷമതയും ദീര്‍ഘകാല പ്രവര്‍ത്തനശേഷിയുമുള്ള സങ്കീര്‍ണ ടര്‍ബോജെറ്റ് എഞ്ചിനുകള്‍ വികസിപ്പിക്കുന്നതിന് ഈ നേട്ടം ഇന്ത്യയ്‌ക്ക് വഴിതുറക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ആസാദ് എഞ്ചിനിയറിംഗിന്റെ സി.ഇ.ഒ രാകേഷ് ചോപ്ദാര്‍ ടര്‍ബോജെറ്റ് എഞ്ചിന്‍ ഡിആര്‍ഡിഒയ്‌ക്ക് കൈമാറി. ജിടിആര്‍ഇ ഡയറക്ടര്‍ രമണമൂര്‍ത്തിയും എയറോനോട്ടിക്കല്‍ സിസ്റ്റംസ് ഡയറക്ടര്‍ ജനറല്‍ കെ. രാജലക്ഷ്മി മേനോനും ചേര്‍ന്നാണ് എഞ്ചിന്‍ ഏറ്റുവാങ്ങിയത്. ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയ്‌ക്ക് പുതിയ ദിശയൊരുക്കുന്ന നേട്ടമായാണ് ഈ വികസനത്തെ പ്രതിരോധ രംഗം വിലയിരുത്തുന്നത്.















