തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മാറ്റം വരുത്തി. നാല് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പിൻവലിച്ചത്. ഇതോടൊപ്പം തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെല്ലോ അലർട്ടും ഒഴിവാക്കി.
നിലവിൽ സംസ്ഥാനത്തെ 12 ജില്ലകളിലാണ് മഴ മുന്നറിയിപ്പ് തുടരുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്.
കാലാവസ്ഥാ വകുപ്പിന്റെ പ്രവചനമനുസരിച്ച് സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് വിലയിരുത്തൽ. ഓഗസ്റ്റ് 6 (വ്യാഴാഴ്ച) കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലർട്ടും കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 7 (വെള്ളിയാഴ്ച) കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, മഴയുടെ ശക്തി കുറഞ്ഞതോടെ മധ്യകേരളത്തിൽ ആശ്വാസം ലഭിച്ചുതുടങ്ങിയിട്ടുണ്ട്. ആറന്മുളയിലും റാന്നിയിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും പൂർണമായി സ്ഥിതി സാധാരണ നിലയിലാകാൻ ഇനിയും രണ്ട് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. ദുരിതബാധിത മേഖലകളിൽ വീടുകൾ വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ആലപ്പുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുന്നുണ്ട്. ഇടുക്കിയിൽ രാത്രികാല യാത്രകൾക്കും ഖനന പ്രവർത്തനങ്ങൾക്കുമുള്ള നിയന്ത്രണവും നിലവിൽ തുടരുകയാണ്.