തിരുവനന്തപുരം: ശബരിമല നെയ്യ് ക്രമക്കേട് കേസിൽ അന്വേഷണം ശക്തമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി). ദുരൂഹ നെയ്യ് ഇടപാടിന് അനുമതി നൽകിയെന്ന കണ്ടെത്തലിനെ തുടർന്ന് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ പ്രതിചേർക്കാൻ എസ്‌ഐടി തീരുമാനിച്ചു. മുൻ ബോർഡ് അംഗങ്ങളായ അജികുമാർ, മുരാരി ബാബു എന്നിവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താനാണ് നീക്കം.
വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുക. കഴിഞ്ഞ മണ്ഡല-മകരവിളക്ക് സീസണിലെ നെയ്യ് വാങ്ങൽ ഇടപാടിലാണ് ഗുരുതര ക്രമക്കേടുകൾ നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
മിൽമയിൽ നിന്ന് 1.5 ലക്ഷത്തിലധികം ലീറ്റർ നെയ്യ് ശബരിമലയിലേക്ക് വാങ്ങിയ ഇടപാടിൽ രണ്ട് പ്രധാന കാര്യങ്ങളാണ് അന്വേഷണ പരിധിയിലുള്ളത്. ശബരിമലയിലെത്തിയത് ഗുണനിലവാരമില്ലാത്ത നെയ്യായിരുന്നുവെന്നും, യഥാർഥ നെയ്യ് മറിച്ചുവിറ്റു സാമ്പത്തിക നേട്ടമുണ്ടാക്കിയിരിക്കാമെന്നുമാണ് ആദ്യ സംശയം. ഉയർന്ന വിലയ്‌ക്ക് നെയ്യ് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് ഏകദേശം 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
മിൽമയുടെ പാക്കറ്റുകളിൽ ഗുണനിലവാരം കുറഞ്ഞ തമിഴ്നാട് നെയ്യ് നിറച്ച് 85.73 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായും അന്വേഷണ റിപ്പോർട്ടിൽ പരാമർശമുണ്ട്. കഴിഞ്ഞ നവംബർ മുതൽ ജനുവരി വരെ 1,77,060 ലീറ്റർ നെയ്യ് ശബരിമലയിലേക്ക് വിതരണം ചെയ്തതായി രേഖകളിലുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, നിലവിലെ അന്വേഷണത്തിൽ മിൽമയിലെ ഉദ്യോഗസ്ഥരെ പ്രതിചേർക്കില്ല എന്നാണ് വിവരം. എന്നാൽ കരാറുകാരും ദേവസ്വം ബോർഡിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവരെ വിശദമായി ചോദ്യം ചെയ്യണമെന്ന് അന്വേഷണ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.