ബ്യൂണസ് അയേഴ്സ്: 2026 ഫിഫ ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ അവിസ്മരണീയ വിജയത്തിന്റെ ഓര്‍മ ഇനി എല്ലാ വര്‍ഷവും ആഘോഷിക്കും. ജൂലൈ 15-നെ ‘ദേശീയ ഫുട്‌ബോള്‍ ടീം ദിനം’ ആയി ആചരിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഏകകണ്ഠമായി തീരുമാനിച്ചു.
2026 ജൂലൈ 15-ന് നടന്ന ലോകകപ്പ് സെമിയില്‍, 85-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിലായിരുന്ന അര്‍ജന്റീന അവസാന നിമിഷങ്ങളില്‍ നടത്തിയ അതിശയകരമായ തിരിച്ചുവരവിലൂടെ ഇംഗ്ലണ്ടിനെ 2-1ന് കീഴടക്കി തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക് മുന്നേറിയിരുന്നു. എന്‍സോ ഫെര്‍ണാണ്ടസിന്റെയും ലൗട്ടാരോ മാര്‍ട്ടിനസിന്റെയും ഗോളുകളാണ് ആല്‍ബിസെലെസ്റ്റെയ്‌ക്ക് ചരിത്രജയം സമ്മാനിച്ചത്.
‘ഇംഗ്ലണ്ടിനെതിരായ ആ മഹത്തായ വിജയം അര്‍ജന്റീനന്‍ ഫുട്‌ബോളിന്റെ ചരിത്രത്തിലെ നിര്‍ണായക നിമിഷമാണ്. രാജ്യത്തെ മുഴുവന്‍ ഒരുമിപ്പിച്ച ആ വിജയത്തിന്റെ ഓര്‍മയ്‌ക്കായാണ് ജൂലൈ 15 ദേശീയ ടീം ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്,’ എന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. മത്സരശേഷമുള്ള ആഘോഷങ്ങള്‍ ഫുട്‌ബോളില്‍ മാത്രമൊതുങ്ങിയില്ല. ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള ഫോക്ലാന്‍ഡ് (ലാസ് മാല്‍വിനാസ്) ദ്വീപ് തര്‍ക്കം വീണ്ടും ചര്‍ച്ചയായി.
ആഘോഷത്തിനിടെ മിഡ്ഫീല്‍ഡര്‍ ജിയോവാനി ലോ സെല്‍സോയും പ്രതിരോധതാരം നിക്കോളാസ് ഒറ്റാമെന്‍ഡിയും ആരാധകര്‍ നല്‍കിയ ഫോക്ലാന്‍ഡ് ദ്വീപുകള്‍ അര്‍ജന്റീനയുടേതാണ് എന്ന ബാനര്‍ മൈതാനത്ത് ഉയര്‍ത്തിക്കാട്ടി. പിന്നീട് ലോ സെല്‍സോ ബാനര്‍ ഗ്രൗണ്ടില്‍ വിരിച്ചുവെക്കുകയും ചെയ്തു. ഈ നടപടി അന്താരാഷ്‌ട്ര തലത്തില്‍ വിവാദമായതോടെ രാഷ്‌ട്രീയ സന്ദേശം മത്സരാഘോഷത്തില്‍ ഉള്‍പ്പെട്ടോയെന്ന കാര്യത്തില്‍ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെ താരങ്ങള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടില്ല.
താരങ്ങളുടെ നടപടിയെ അര്‍ജന്റീന പ്രസിഡന്റ് ഹാവിയര്‍ മിലി തുറന്നുപിന്തുണച്ചു. ഫോക്ലാന്‍ഡ് വിഷയത്തില്‍ അര്‍ജന്റീന ജനതയുടെ പൊതുവികാരമാണ് താരങ്ങള്‍ പ്രകടിപ്പിച്ചതെന്നും അവരുടെ ആഘോഷത്തില്‍ തെറ്റൊന്നുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. 1982-ല്‍ ഫോക്ലാന്‍ഡ് ദ്വീപുകളെച്ചൊല്ലി ബ്രിട്ടനും അര്‍ജന്റീനയും തമ്മില്‍ 74 ദിവസം നീണ്ട യുദ്ധം നടന്നിരുന്നു. യുദ്ധത്തില്‍ ബ്രിട്ടന്‍ നിയന്ത്രണം നിലനിര്‍ത്തിയെങ്കിലും ദ്വീപുകള്‍ തങ്ങളുടേതാണെന്ന അവകാശവാദം അര്‍ജന്റീന ഇന്നും തുടരുകയാണ്. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടും അര്‍ജന്റീനയും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരങ്ങള്‍ കായികമത്സരത്തിനപ്പുറം രാഷ്‌ട്രീയവും ചരിത്രപരവുമായ വികാരങ്ങളും ഉണര്‍ത്തുന്നതാണ്.