ന്യൂ ഡൽഹി : ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളിൽ പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായി. അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 97 ആയി ഉയർന്നപ്പോൾ, ഉത്തരാഖണ്ഡിൽ നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. ദില്ലിയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 97 ആയി ഉയർന്നത്. ബ്രഹ്മപുത്രയും അനുബന്ധ നദികളും കരകവിഞ്ഞൊഴുകിയതോടെ പത്തുലക്ഷത്തിലധികം ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലും താൽക്കാലിക ഷെൽട്ടറുകളിലുമായി കഴിയുകയാണ്. നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായതോടെ സാധാരണ ജീവിതം താറുമാറായി.
സിക്കിം, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലും കനത്ത മഴയെ തുടർന്ന് വ്യാപക മണ്ണിടിച്ചിലുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തരാഖണ്ഡിൽ അളകനന്ദയും മന്ദാകിനി നദികളും അപകടനിലയ്‌ക്ക് മുകളിലൂടെ ഒഴുകുകയാണ്. രുദ്രപ്രയാഗ് മേഖലയിലെ നദീതീര പ്രദേശങ്ങൾ വെള്ളത്തിനടിയിലായതോടെ ക്ഷേത്രങ്ങൾക്കും കെട്ടിടങ്ങൾക്കും നാശനഷ്ടമുണ്ടായി.
തിൽവാരയ്‌ക്ക് സമീപം ഉണ്ടായ വൻ മണ്ണിടിച്ചിലിനെ തുടർന്ന് കേദാർനാഥ് ഹൈവേയിലെ ഗതാഗതം പൂർണമായും നിലച്ചു. ഇതോടെ കേദാർനാഥ് തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. തീർഥാടകരോടും പ്രദേശവാസികളോടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ദുരന്തനിവാരണ സേനയും കൺട്രോൾ റൂമുകളും അതീവ ജാഗ്രതയോടെ പ്രവർത്തിക്കുന്നതായി അധികൃതർ അറിയിച്ചു.
അതേസമയം, ദില്ലി, നോയിഡ, ഫരീദാബാദ് മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. വടക്കൻ ദില്ലിയിലെ ജഗത്പൂരിൽ വെള്ളക്കെട്ടിനിടയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ മൂന്ന് വിദ്യാർഥികൾ ഓടയിൽ വീണെങ്കിലും നാട്ടുകാരുടെ സമയോചിത ഇടപെടലിൽ രക്ഷിക്കപ്പെട്ടു. ബിജ്വാസനിൽ കഴിഞ്ഞ ദിവസം ഓടയിൽ വീണ് കാണാതായ വ്യക്തിക്കായുള്ള തിരച്ചിൽ തുടരുകയാണ്.
ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ എന്നിവിടങ്ങളിലും കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്‌ക്കുള്ള മുന്നറിയിപ്പ് തുടരുകയാണ്.