സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

Published by
ജനം വെബ്‌ഡെസ്ക്

മിസോറി: ഇന്ത്യന്‍ ചെസ് താരം ആര്‍. പ്രഗ്നനാനന്ദയുടെ സ്വപ്‌നക്കുതിപ്പ് തുടരുന്നു. അമേരിക്കയിലെ സെന്റ് ലൂയിസില്‍ നടന്ന സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീടം സ്വന്തമാക്കി 20-കാരന്‍ വീണ്ടും ലോക ചെസില്‍ തന്റെ മികവ് തെളിയിച്ചു. കരിയറില്‍ ആദ്യമായാണ് പ്രഗ്നനാനന്ദ ഈ കിരീടം നേടുന്നത്. വിജയത്തോടെ 47 ലക്ഷം രൂപയുടെ സമ്മാനവും താരം സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ ഒരു റൗണ്ട് ബാക്കി നില്‍ക്കെയാണ് പ്രഗ്നനാനന്ദ ചാമ്പ്യന്‍ പട്ടം ഉറപ്പിച്ചത്. ആകെ 23.5 പോയിന്റ് നേടി ഇന്ത്യന്‍ താരം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍, 22 പോയിന്റുമായി ഉസ്‌ബെക്കിസ്ഥാന്റെ യാവോഖിര്‍ സിന്ദറോവ് രണ്ടാം സ്ഥാനത്തും 20.5 പോയിന്റുമായി അമേരിക്കന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ വെസ്ലി സോ മൂന്നാം സ്ഥാനത്തുമെത്തി.

റാപ്പിഡ് വിഭാഗത്തില്‍ തിളങ്ങിയ പ്രഗ്നനാനന്ദ അതേ ആത്മവിശ്വാസം ബ്ലിറ്റ്‌സ് മത്സരങ്ങളിലും തുടര്‍ന്നു. മുഴുവന്‍ ടൂര്‍ണമെന്റിലും ഒരു മത്സരം മാത്രമാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. ബ്ലിറ്റ്‌സ് വിഭാഗത്തില്‍ നേടാവുന്ന 18 പോയിന്റില്‍ 11.5 പോയിന്റ് സ്വന്തമാക്കിയാണ് കിരീടത്തിലേക്കുള്ള വഴിയൊരുക്കിയത്. ഈ വിജയത്തോടെ ഗ്രാന്‍ഡ് ചെസ് ടൂര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയരാനും പ്രഗ്നനാനന്ദയ്‌ക്ക് സാധിച്ചു. ഇതോടെ ഈ വര്‍ഷാവസാനം നടക്കുന്ന ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലിലേക്കുള്ള യോഗ്യതാ സാധ്യതകളും ശക്തമായി.

ഈ വര്‍ഷം ജൂണില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണ്‍, ലോക ചാമ്പ്യന്‍ ഡി. ഗുകേഷ്, അലിറേസ ഫിറോസ്ജ, വെസ്ലി സോ, വിന്‍സെന്റ് കൈമര്‍ തുടങ്ങിയ ലോകോത്തര താരങ്ങളെ മറികടന്ന് നോര്‍വേ ചെസ് കിരീടം സ്വന്തമാക്കി പ്രഗ്നനാനന്ദ ചരിത്രം കുറിച്ചിരുന്നു. ഫൈനലില്‍ ജര്‍മ്മനിയുടെ വിന്‍സെന്റ് കൈമറിനെ തോല്‍പ്പിച്ചായിരുന്നു ആ നേട്ടം. ആ വിജയത്തിന് പിന്നാലെ തമിഴ്‌നാട് സര്‍ക്കാര്‍ പ്രഗ്നനാനന്ദയ്‌ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സെന്റ് ലൂയിസിലെ കിരീട നേട്ടത്തോടെ ഇന്ത്യന്‍ ചെസിന്റെ പുതിയ മുഖമായി പ്രഗ്നനാനന്ദ തന്റെ സ്ഥാനം കൂടുതല്‍ ഉറപ്പിച്ചിരിക്കുകയാണ്.

Share