‘ആരെയും ഭയക്കേണ്ട; നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’; തൃണമൂല്‍, ശിവസേന വിമത എംപിമാര്‍ക്ക് മോദിയുടെ ഉറപ്പ്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ആരെയും ഭയപ്പെടേണ്ടതില്ലെന്നും എന്‍ഡിഎയിലെ ഓരോ എംപിക്കുമൊപ്പവും താനുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ എംപിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പാര്‍ലമെന്റിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കാനും ജനങ്ങളുടെ പ്രശ്നങ്ങള്‍ ശക്തമായി സഭയില്‍ ഉന്നയിക്കാനും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു.

‘എന്‍ഡിഎ ഒരു കുടുംബമാണ്. ഓരോ വ്യക്തിക്കും അവസരവും ബഹുമാനവും ലഭിക്കണം. എന്‍ഡിഎയിലെ ഏതെങ്കിലും ഒരു പാര്‍ട്ടിക്കൊപ്പമല്ല, ഓരോ എംപിക്കുമൊപ്പമാണ് ഞാന്‍. ആരെയും ഭയപ്പെടേണ്ടതില്ല,’ പ്രധാനമന്ത്രി പറഞ്ഞു. ശിവസേന (ഉദ്ധവ് വിഭാഗം) വിട്ടെത്തിയ ഏഴ് എംപിമാരും എന്‍സിപിയില്‍നിന്നുള്ള 20 എംപിമാരും എന്‍സിപി (അജിത് പവാര്‍ വിഭാഗം) പ്രതിനിധികളുമുള്‍പ്പെടെ 45 എംപിമാര്‍ യോഗത്തില്‍ പങ്കെടുത്തു.

മണ്ഡലങ്ങളിലെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായി പ്രധാനമന്ത്രിയുടെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാമെന്നും തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ നേരിട്ട് മനസ്സിലാക്കി പരിഹാരത്തിനായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. പാര്‍ലമെന്റ് നിരന്തരം ബഹളത്തെ തുടര്‍ന്ന് തടസപ്പെടുന്നതിലും പ്രധാനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സഭ സ്തംഭിക്കുന്നതിലൂടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് സംസാരിക്കാനുള്ള അവസരം നഷ്ടമാകുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share