എബിവിപി നേതാവ് ശ്യാമപ്രസാദ് വധക്കേസ്; അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ച് സർക്കാർ, അമ്മയുടെ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിന് പിന്നാലെ നടപടി

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂർ: എബിവിപി നേതാവ് കണ്ണവത്തെ ശ്യാമപ്രസാദിനെ കൊലപ്പെടുത്തിയ കേസിൽ അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചു. ശ്യാമപ്രസാദിന്റെ അമ്മ ഷൈമ നടത്തിയ നിയമപോരാട്ടത്തിനും ഹൈക്കോടതി ഇടപെടലിനും പിന്നാലെയാണ് പുതിയ സർക്കാർ തലശ്ശേരി ബാറിലെ അഭിഭാഷകനായ പി. പ്രേമരാജനെ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്.

2018 ജനുവരി 19-ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കേസിനാസ്പദമായ സംഭവം. കാറിലെത്തിയ പോപ്പുലർ ഫ്രണ്ട് സംഘമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ സംഘം കൊമ്മേരി ഗവൺമെന്റ് ഗോട്ട് ഫാമിന് സമീപം ശ്യാമപ്രസാദിന്റെ ബൈക്ക് തടഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഒന്ന് മുതൽ നാല് വരെയുള്ള പ്രതികളെ വയനാട് അതിർത്തിയിൽ വെച്ച് രക്തം പുരണ്ട ആയുധങ്ങളും കാറും സഹിതം പൊലീസ് പിടികൂടിയിരുന്നു.

കേസിൽ ആകെ 14 പ്രതികളാണുള്ളത്. മുഹമ്മദ് ഷമീം, പി.വി. മുഹമ്മദ്, സലീം, സമീർ, ഫൈസൽ, നിസാമുദ്ദീൻ, സഹോദരൻ സലാഹുദ്ദീൻ, അഷ്കർ, സലിം, സഫീർ, സി.എച്ച്. അഷ്കർ, അജ്മൽ, നൗഷാദ്, മർഷൂദ് എന്നിവരാണ് പ്രതികൾ.

ഇതിൽ പത്താം പ്രതിയായ സഫീർ കോളജ് അധ്യാപകനായ ജോസഫ് മാഷിന്റെ കൈവെട്ടിയ കേസിൽ പ്രതികളെ ഒളിപ്പിച്ചെന്ന കേസിൽ എൻഐഎ കോടതിയുടെ വിചാരണ നേരിടുന്നയാളാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ശ്യാമപ്രസാദിന്റെ കൊലക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ശ്യാമപ്രസാദിന്റെ അമ്മ ഷൈമ കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും അപേക്ഷ നൽകിയിരുന്നു. എന്നാൽ അന്ന് അപേക്ഷ പരിഗണിച്ചില്ലെന്നാണ് റിപ്പോർട്ട്.

തുടർന്ന് ഷൈമ ഹൈക്കോടതിയെ സമീപിച്ചു. അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചെങ്കിലും സർക്കാർ ആവശ്യം നിരാകരിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹൈക്കോടതി ഉത്തരവിന്റെ പ്രാബല്യത്തിൽ തനിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് ശ്യാമപ്രസാദിന്റെ അമ്മ വീണ്ടും ആഭ്യന്തര വകുപ്പിനെ സമീപിച്ചു. ഈ അപേക്ഷ പരിഗണിച്ചാണ് പുതിയ സർക്കാർ അഡ്വ. പി. പ്രേമരാജനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.

കേസിന്റെ വിചാരണ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ പ്രേമരാജന്റെ നിയമനം ശ്രദ്ധേയമാണ്. ക്രിമിനൽ കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായി നേരത്തെ തന്നെ പ്രവർത്തിച്ച പരിചയമുള്ള അഭിഭാഷകനാണ് അദ്ദേഹം.

നിലവിൽ തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ വിചാരണയിലുള്ള കാസർകോട് ബാർ അസോസിയേഷനിലെ അഭിഭാഷകൻ സുഹാസിന്റെ കൊലപാതകക്കേസിലും പ്രേമരാജൻ സ്പെഷൽ പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്നുണ്ട്. പയ്യന്നൂരിൽ 2016ൽ ബിഎംഎസ് നേതാവ് രാമചന്ദ്രൻ കൊല്ലപ്പെട്ട കേസിലും അദ്ദേഹം സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാണ്.

ഇതിന് പുറമെ മുഴപ്പിലങ്ങാട് സൂരജ് വധക്കേസിലും ന്യൂമാഹി ഇരട്ടക്കൊലപാതക കേസിലും പ്രേമരാജൻ നേരത്തെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ അഭിഭാഷകനായും കസ്റ്റംസ്, ഇൻകം ടാക്സ്, ഡിആർഐ എന്നിവയുടെ അഭിഭാഷകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുള്ളതാണ്.

വർഷങ്ങൾ പിന്നിട്ടിട്ടും രാഷ്‌ട്രീയമായി ഏറെ ചർച്ച ചെയ്യപ്പെട്ട ശ്യാമപ്രസാദ് വധക്കേസിന്റെ വിചാരണയിൽ ഇനി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെന്ന നിലയിൽ അഡ്വ. പി. പ്രേമരാജന്റെ ഇടപെടൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ. മകന്റെ കൊലപാതകത്തിൽ നീതി തേടി അമ്മ നടത്തിയ ദീർഘകാല നിയമപോരാട്ടത്തിന് പിന്നാലെയാണ് കേസിൽ പുതിയ നിയമനടപടിക്ക് വഴിതുറന്നിരിക്കുന്നത്.

Share