‘ബോംബ് നിര്‍മിക്കാനും അക്രമത്തിനും പ്രേരണ’; തീവ്രവാദ ബന്ധമുള്ള 114 ഉള്ളടക്കങ്ങള്‍ നിരോധിച്ച് മഹാരാഷ്‌ട്ര സര്‍ക്കാര്‍

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: തീവ്രവാദ ആശയങ്ങളും അക്രമത്തിലേക്കും തീവ്രവാദത്തിലേക്കും യുവാക്കളെ പ്രേരിപ്പിക്കുന്ന ഉള്ളടക്കങ്ങളും പ്രചരിപ്പിക്കുന്നതായി കണ്ടെത്തിയ 114 സാഹിത്യ-ഡിജിറ്റല്‍ ഉള്ളടക്കങ്ങള്‍ക്ക് മഹാരാഷ്‌ട്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇവയുടെ പ്രസിദ്ധീകരണം, വിതരണം, കൈവശംവയ്‌ക്കല്‍, സൂക്ഷിക്കല്‍ എന്നിവയാണ് നിരോധിച്ചത്. മാസികകള്‍, ലേഖനങ്ങള്‍, പുസ്തകങ്ങള്‍, സാമൂഹികമാധ്യമ പോസ്റ്റുകള്‍, ഓഡിയോ-വീഡിയോ ഫയലുകള്‍ തുടങ്ങിയവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

തീവ്രവാദ ആശയങ്ങളുടെ പ്രചാരണം തടയുകയും യുവാക്കളെ ലക്ഷ്യമിട്ടുള്ള റാഡിക്കലൈസേഷന്‍ ശ്രമങ്ങള്‍ നിയന്ത്രിക്കുകയുമാണ് നടപടിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി. ചില ഉള്ളടക്കങ്ങളില്‍ അക്രമം നടത്തുന്നതിനും സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നതിനുമുള്ള പ്രചാരണങ്ങളും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 17-ന് മഹാരാഷ്‌ട്ര ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) സംസ്ഥാന സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍ ആരംഭിച്ചത്.

രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്‌ക്കും സംസ്ഥാന സുരക്ഷയ്‌ക്കും ഭീഷണിയാകുന്ന തരത്തിലുള്ള ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എ.ടി.എസ് ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് എ.ടി.എസ് അന്വേഷണവും രഹസ്യാന്വേഷണ വിവരങ്ങളും സൈബര്‍ നിരീക്ഷണവും നടത്തിയതോടെയാണ് തീവ്രവാദ ആശയങ്ങളും പ്രചാരണസാഹിത്യങ്ങളും അച്ചടി രൂപത്തിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും പ്രചരിക്കുന്നതായി കണ്ടെത്തിയത്. ഓഗസ്റ്റ് ആറിന് പുറത്തിറക്കിയ സര്‍ക്കാര്‍ വിജ്ഞാപനത്തിലാണ് 114 ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടി പ്രഖ്യാപിച്ചത്.

തീവ്രവാദ ആശയങ്ങള്‍, അക്രമപരമായ തീവ്രവാദം, യുവാക്കളിലെ റാഡിക്കലൈസേഷന്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയ ഉള്ളടക്കങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുസ്തകങ്ങള്‍, മാസികകള്‍, ലേഖനങ്ങള്‍ തുടങ്ങിയ അച്ചടി പ്രസിദ്ധീകരണങ്ങള്‍ക്ക് പുറമെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍, വെബ്സൈറ്റുകള്‍, എന്‍ക്രിപ്റ്റഡ് ചാനലുകള്‍, മറ്റ് ഡിജിറ്റല്‍ നെറ്റ്വര്‍ക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും സര്‍ക്കാര്‍ നടപടിയുടെ പരിധിയില്‍ വരും.

ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്), ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രവിശ്യ (ഐ.എസ്.കെ.പി), ഹിസ്ബുല്‍ മുജാഹിദീന്‍ പിര്‍ പഞ്ചാല്‍ റെജിമെന്റ്, അല്‍ ഖ്വയ്ദ ഇന്‍ ദി ഇന്ത്യന്‍ സബ്കോണ്ടിനെന്റ് (എ.ക്യു.ഐ.എസ്) തുടങ്ങിയ യു.എ.പി.എ പ്രകാരം പട്ടികപ്പെടുത്തിയിട്ടുള്ള സംഘടനകളുമായി ബന്ധമുള്ളതായി കണ്ടെത്തിയ ഉള്ളടക്കങ്ങളും വിജ്ഞാപനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ (ബി.എന്‍.എസ്.എസ്) 98(1) വകുപ്പ് പ്രകാരമാണ് നടപടി. വിജ്ഞാപനത്തിന്റെ അനുബന്ധ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന പ്രസിദ്ധീകരണങ്ങളുടെയും മറ്റ് ഉള്ളടക്കങ്ങളുടെയും പകര്‍പ്പുകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതായി പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ ലഭ്യമായ നിയമവ്യവസ്ഥകള്‍ ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാകുന്ന സാഹചര്യമാണുള്ളതെന്ന് ഫഡ്‌നാവിസ് പറഞ്ഞു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share