പോലീസിനെ വെല്ലുവിളിച്ച് ഒളിവില്‍; അര്‍ജുന്‍ ആയങ്കി ഒടുവില്‍ പിടിയില്‍; പിടിയിലായത് വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്ന

Published by
ജനം വെബ്‌ഡെസ്ക്

കണ്ണൂര്‍: പോലീസിനെ വെല്ലുവിളിച്ച് ദിവസങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി ഒടുവില്‍ അറസ്റ്റില്‍. കണ്ണൂരിലെ വനിതാ അഭിഭാഷകയുടെ ഫ്‌ലാറ്റില്‍ നിന്നാണ് പുലര്‍ച്ചെ രണ്ടുമണിയോടെ ഇയാളെ പോലീസ് പിടികൂടിയത്. ഫ്‌ലാറ്റിലേക്ക് അര്‍ജുന്‍ എത്തിയ ഓട്ടോയുടെ ഡ്രൈവറില്‍ നിന്ന് ലഭിച്ച നിര്‍ണായക വിവരമാണ് അറസ്റ്റിലേക്ക് നയിച്ചത്. അര്‍ജുന്‍ ആയങ്കിയെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നും പോലീസ് സംഘത്തിന്റെ കൂട്ടായ പരിശ്രമമാണ് അറസ്റ്റിന് പിന്നിലെന്നും കണ്ണൂര്‍ പോലീസ് കമ്മീഷണര്‍ വിജയ് ഭാരത് റെഡ്ഡി പറഞ്ഞു. പോലീസ് എത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് രക്ഷപ്പെടാനായില്ല. അറസ്റ്റിലായ അര്‍ജുനെ എറണാകുളത്ത് എത്തിക്കാനാണ് പോലീസിന്റെ നീക്കം.

ഒളിവില്‍ പോകാന്‍ അര്‍ജുന്‍ ഉപയോഗിച്ച ഭാര്യയുടെ പേരിലുള്ള കാര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ പനങ്കാവില്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇതോടെ അര്‍ജുന്‍ കണ്ണൂരില്‍ തന്നെ ഒളിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു അന്വേഷണ സംഘം. തുടര്‍ന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ച് പോലീസ് വ്യാപകമായി പരിശോധന ശക്തമാക്കി. അതിനിടെ അര്‍ജുന്‍ മലപ്പുറം എടപ്പാളിലെ ഒരു റെസ്റ്റോറന്റിലെത്തി ചായയും ഭക്ഷണവും കഴിച്ച് മടങ്ങിയതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വാഹനങ്ങള്‍ മാറിമാറി ഉപയോഗിച്ചും മൊബൈല്‍ ഫോണ്‍ വഴിതെറ്റിച്ചുമാണ് ഇയാള്‍ അന്വേഷണ സംഘത്തിന്റെ കണ്ണുവെട്ടിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

അര്‍ജുനെ ഒളിവില്‍ കഴിയാന്‍ സഹായിച്ച അഞ്ച് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തിരൂര്‍ ഡിവൈഎസ്പി എ.എം. സിദ്ദിഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എട്ട് സുഹൃത്തുക്കളെ വളപട്ടണം പോലീസ് കരുതല്‍ തടങ്കലിലാക്കി ചോദ്യം ചെയ്യുകയും ചെയ്തു. അര്‍ജുന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ആരാണെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒളിവിലിരിക്കെ പുറത്തുവന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അര്‍ജുന്‍ തന്നെയാണോ മറ്റാരെങ്കിലുമാണോ പങ്കുവെച്ചതെന്നതും പരിശോധിക്കുന്നുണ്ട്.

സ്വര്‍ണക്കടത്ത് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 23 കേസുകളുണ്ടെന്നാണ് പോലീസ് പറയുന്നത്. കരിപ്പൂര്‍ സ്വര്‍ണക്കടത്ത്, സ്വര്‍ണം തട്ടിയെടുക്കല്‍, തട്ടിക്കൊണ്ടുപോകല്‍, വധശ്രമം, മോഷണം തുടങ്ങിയ കേസുകളിലും ഇയാള്‍ പ്രതിയാണ്. നേരത്തെ ജാമ്യത്തിലിറങ്ങിയ ശേഷം പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും നടത്തിയതായും കേസുണ്ട്. ഇതിന് പിന്നാലെയും പോലീസിനെ വെല്ലുവിളിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഒടുവില്‍ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് അര്‍ജുന്‍ ആയങ്കി പോലീസ് പിടിയിലായത്.

Share