ജാർഖണ്ഡിൽ ഇൻഡി സർക്കാരിനെതിരെ വിദ്യാർത്ഥി പ്രക്ഷോഭം കത്തുന്നു; നിയമസഭാ മാർച്ചിന് നേരെ ലാത്തിച്ചാർജ്, കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്; ഇന്ന് ബന്ദ്

Published by
ജനം വെബ്‌ഡെസ്ക്

റാഞ്ചി: നിയമന പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജാർഖണ്ഡിൽ വിദ്യാർത്ഥികളും ഉദ്യോഗാർഥികളും നടത്തുന്ന സമരം സംഘർഷത്തിലേക്ക്. നിയമസഭയിലേക്ക് മാർച്ച് നടത്തിയ ആയിരക്കണക്കിന് പ്രതിഷേധക്കാരെ തടയാൻ പൊലീസ് ലാത്തിച്ചാർജും കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.ഇന്ന് സംസ്ഥാന വ്യാപകമായി ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.

നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാവിലെ 10.30ഓടെ ആരംഭിച്ച മാർച്ച് നിയമസഭാ പരിസരത്തേക്ക് നീങ്ങിയതോടെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാരെ തടയുകയായിരുന്നു. എന്നാൽ പ്രതിഷേധക്കാർ നിയന്ത്രണങ്ങൾ മറികടന്ന് മുന്നോട്ട് നീങ്ങാൻ ശ്രമിച്ചതോടെ സ്ഥിതിഗതികൾ വഷളായി. ഇതോടെയാണ് പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചത്. പിന്നാലെ ലാത്തിച്ചാർജും നടന്നു.

നിയമസഭാ മാർച്ച് കണക്കിലെടുത്ത് റാഞ്ചിയിൽ നേരത്തെ തന്നെ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. നിയമസഭാ പരിസരത്തേക്ക് പ്രതിഷേധക്കാർ എത്തുന്നത് തടയാൻ നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ ബാരിക്കേഡുകളും മുള്ളുവേലികളും സ്ഥാപിച്ചിരുന്നു. വിവിധ ജില്ലകളിൽ നിന്ന് ട്രെയിനുകളിലും ബസുകളിലും മറ്റ് വാഹനങ്ങളിലുമായി ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് റാഞ്ചിയിലെത്തിയത്. ദേശീയ പതാകയുമായാണ് പലരും പ്രതിഷേധത്തിൽ പങ്കെടുത്തത്.

പ്രധാന ആവശ്യം സിബിഐ അന്വേഷണം

ജെപിഎസ്‌സി, ജെഎസ്‌എസ്‌സി നിയമന പരീക്ഷകളിലെ ക്രമക്കേടുകളും ചോദ്യപേപ്പർ ചോർച്ചാ ആരോപണങ്ങളും അന്വേഷിക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലാണ് വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുന്നത്.

സ്വകാര്യ ഏജൻസികൾ വഴി നടത്തിയ ചില പരീക്ഷകൾ റദ്ദാക്കണമെന്നും നിയമന പരീക്ഷാ സംവിധാനത്തിൽ സമഗ്രമായ പരിഷ്കാരവും സുതാര്യതയും ഉറപ്പാക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

പരീക്ഷാ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് ജെഎൽകെഎം നേതാവ് ദേവേന്ദ്ര നാഥ് മഹ്‌തോയും മാർച്ചിൽ പങ്കെടുത്തു. ഒമ്പത് ദിവസമായി നിരാഹാര സമരം നടത്തിവരുന്ന അദ്ദേഹം സ്ട്രെച്ചറിലാണ് പ്രതിഷേധക്കാർക്കൊപ്പം മാർച്ചിൽ എത്തിയത്.

അതേസമയം, സമരം 16-ാം ദിവസത്തിലേക്ക് കടന്നിട്ടും സർക്കാർ നിയോഗിച്ച സമിതിയുമായുള്ള ആറാംഘട്ട ചർച്ചയിലും കാര്യമായ സമവായമുണ്ടായില്ലെന്നാണ് സമരക്കാർ പറയുന്നത്.

98 ശതമാനം ആവശ്യങ്ങളും അംഗീകരിച്ചെന്ന് സർക്കാർ

വിദ്യാർത്ഥികളുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെ അവരുടെ ആവശ്യങ്ങളിൽ ഏകദേശം 98 ശതമാനവും അംഗീകരിച്ചിട്ടുണ്ടെന്നാണ് ജാർഖണ്ഡ് സർക്കാരിന്റെ അവകാശവാദം. നിയമന പരീക്ഷകളുടെ ഘടനാപരമായ പ്രശ്നങ്ങൾ പരിശോധിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

എന്നാൽ, സിജിഎൽ പരീക്ഷ റദ്ദാക്കുക, സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ പ്രധാന ആവശ്യങ്ങളിൽ സർക്കാർ വഴങ്ങിയിട്ടില്ല. 13 പരീക്ഷകളിൽ മൂന്ന് പരീക്ഷകൾ മാത്രം റദ്ദാക്കാനുള്ള നിർദേശമാണ് ലഭിച്ചതെന്നാണ് സമരക്കാരുടെ ആരോപണം. അതുകൊണ്ടുതന്നെ ചർച്ചകൾക്ക് ശേഷവും സമരം അവസാനിപ്പിക്കാൻ വിദ്യാർത്ഥികൾ തയ്യാറായില്ല.

ഇതിനിടെ പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ മുൻ ചെയർമാൻ എൽ. ഖിയാംഗ്‌തെയെ സിഐഡി അറസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ 22ന് അദ്ദേഹം ചെയർമാൻ സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു.

കോൺഗ്രസിനെതിരെ ബിജെപി

വിദ്യാർത്ഥികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കോൺഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നതെന്ന് ബിജെപി ദേശീയ വക്താവ് സുധാംശു ത്രിവേദി ആരോപിച്ചു. ജാർഖണ്ഡിലെ യുവാക്കളുടെ തൊഴിൽ-നിയമന പ്രശ്നത്തെ രാഷ്‌ട്രീയ ആയുധമാക്കാതെ യഥാർഥ പരിഹാരം കാണാൻ കോൺഗ്രസ് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കോൺഗ്രസ് ജാർഖണ്ഡിലെ ഭരണകക്ഷി സഖ്യത്തിന്റെ ഭാഗമായിരിക്കെ യുവാക്കളുടെ പ്രതിഷേധം ഇത്രയും രൂക്ഷമായത് രാഷ്‌ട്രീയ ഉത്തരവാദിത്തത്തെക്കുറിച്ചും ചോദ്യങ്ങൾ ഉയർത്തുന്നുവെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. പൊലീസിന്റെ നടപടിയെ മാത്രം വിമർശിക്കുന്നതിന് പകരം പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾക്ക് വ്യക്തമായ പരിഹാരം ഉറപ്പാക്കാൻ ഭരണസഖ്യത്തിനുള്ളിൽ കോൺഗ്രസ് സമ്മർദം ചെലുത്തണമെന്നുമാണ് ബിജെപിയുടെ വിമർശനം.

നിലവിൽ പൊലീസ് നടപടിക്ക് പിന്നാലെ റാഞ്ചിയിൽ പ്രതിഷേധം കൂടുതൽ ശക്തമാകുകയാണ്. നിയമന പരീക്ഷകളിലെ ക്രമക്കേടുകൾക്ക് സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് വിദ്യാർത്ഥികളുടെ നിലപാട്.

Share