ചെന്നൈ: സംഗീത സംവിധായകൻ എ.ആർ. റഹ്മാന്റെ മകനും ഗായകനുമായ അമീൻ റഹ്മാൻ സഞ്ചരിച്ച പോർഷെ കാർ ചെന്നൈയിൽ അപകടത്തിൽപ്പെട്ടു. ഗിണ്ടിയിലെ കത്തിപ്പാറ ഫ്ലൈഓവറിന് സമീപം ഒളിമ്പിയ ടെക് പാർക്ക് സിഗ്നലിനടുത്താണ് അപകടമുണ്ടായത്. സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന അമീന്റെ കാർ ടാക്സിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ 3.30ഓടെ കോയമ്പേട്ടിൽ നിന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിച്ച കാറുമായി അമീൻ സഞ്ചരിച്ചിരുന്ന പോർഷെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക വിവരം.
അപകടത്തിന്റെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും അമീനും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും വലിയ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം ഇരുവരെയും ആശുപത്രിയിൽ നിന്ന് വിട്ടയച്ചു.
അതേസമയം, അപകടത്തിൽ ടാക്സിയായ വാഗൺ ആർ കാറിലുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
സംഭവത്തെ തുടർന്ന് പൊലീസ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അപകടം നടന്ന സമയത്തെ സാഹചര്യം, വാഹനങ്ങളുടെ സഞ്ചാരദിശ, ഇടിയുടെ കാരണം തുടങ്ങിയ കാര്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.















