100 കോടിയുടെ നവീകരണ പദ്ധതി; ജി.വി. രാജ സ്റ്റേഡിയത്തിന് രാജ്യാന്തര നിലവാരം; ഒളിമ്പിക് വേദിയാക്കാന്‍ നീക്കം

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ കായിക അഭിമാനമായ ജി.വി. രാജ സ്റ്റേഡിയത്തിന് 100 കോടി രൂപയുടെ നവീകരണ പദ്ധതി. രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തി ഒളിമ്പിക് മത്സരങ്ങള്‍ ഉള്‍പ്പെടെ നടത്താന്‍ കഴിയുന്ന കായിക വേദിയാക്കി മാറ്റുന്നതിനുള്ള നടപടികള്‍ക്ക് തുടക്കമായി. കേന്ദ്ര ടൂറിസം സഹമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് പദ്ധതിക്ക് വേഗം ലഭിക്കുന്നത്.

കേരള സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയം സന്ദര്‍ശിച്ച സുരേഷ് ഗോപി വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ ഉള്‍പ്പെടെയുള്ള സര്‍വകലാശാല അധികൃതരുമായി ചര്‍ച്ച നടത്തി. സ്റ്റേഡിയത്തിന്റെ സമഗ്ര നവീകരണത്തിനായി 100 കോടി രൂപ വരെ കേന്ദ്രസഹായം ലഭ്യമാക്കാന്‍ കഴിയുമെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയതായി സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

നിലവില്‍ വര്‍ഷങ്ങളായുള്ള അവഗണനയെ തുടര്‍ന്ന് സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ മോശം നിലയിലാണ്. രാജ്യാന്തര ഏകദിന മത്സരത്തിനും വേദിയായിട്ടുള്ള സ്റ്റേഡിയത്തെ ലോകോത്തര കായിക കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. സ്റ്റേഡിയത്തിന്റെ നവീകരണത്തിനായി കേരള സര്‍വകലാശാല മാസ്റ്റര്‍ പ്ലാനും വിശദമായ പദ്ധതി റിപ്പോര്‍ട്ടും തയ്യാറാക്കും.

1937ല്‍ സ്ഥാപിതമായ ജി.വി. രാജ സ്റ്റേഡിയം ഒന്‍പത് പതിറ്റാണ്ടിനോട് അടുക്കുന്നതിനിടെയാണ് സമഗ്ര നവീകരണ നീക്കം. ഇന്ത്യ 2036ലെ സമ്മര്‍ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാന്‍ താല്‍പര്യം അറിയിച്ച സാഹചര്യത്തിലാണ് പദ്ധതിക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്നത്. അഹമ്മദാബാദാണ് ഇന്ത്യയുടെ പ്രധാന ആതിഥേയ നഗരമായി നിര്‍ദേശിച്ചിരിക്കുന്നത്. 2029 മധ്യത്തോടെ ആതിഥേയ രാജ്യത്തെ അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

Share