കണ്ണൂർ: വിശ്വാസികൾ പിതൃസ്മരണയിലും ബലിതർപ്പണത്തിലുമൊക്കെയായി കഴിയുന്ന കർക്കടകവാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ചുമായി സിപിഎം നിയന്ത്രണത്തിലുള്ള സംഘടന. പടിയൂർ കരവൂർ എകെജി വായനശാല ആൻഡ് ഗ്രന്ഥാലയമാണ് കർക്കടകവാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ച് സംഘടിപ്പിക്കുന്നത്. പരിപാടി പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ ഇതിന്റെ സമയക്രമവും സാഹചര്യവുമാണ് ചർച്ചയാകുന്നത്.
സിപിഎം നിയന്ത്രണത്തിലുള്ള രണ്ട് സംഘടനകളാണ് കർക്കടകവാവ് ദിനത്തിൽ വ്യത്യസ്ത പരിപാടികളുമായി രംഗത്തുള്ളത്. പയ്യാമ്പലത്ത് പിതൃതർപ്പണത്തിനെത്തുന്ന വിശ്വാസികൾക്കായി സേവനമൊരുക്കുമ്പോൾ, പടിയൂരിലാണ് പന്നിയിറച്ചി ചാലഞ്ച് സംഘടിപ്പിക്കുന്നത്.
പയ്യാമ്പലത്ത് പിതൃതർപ്പണത്തിനെത്തുന്നവർക്ക് സിപിഎമ്മിന്റെ സാന്ത്വനപരിചരണ വിഭാഗമായ ഐആർപിസിയുടെ നേതൃത്വത്തിലാണ് സൗകര്യങ്ങൾ ഒരുക്കുന്നത്. ലഘുഭക്ഷണം, ആംബുലൻസ് സേവനം, വൈദ്യസഹായം തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ ഏർപ്പെടുത്തുന്നത്. വിശ്വാസികൾക്ക് സഹായമെത്തിക്കുന്നതിലൂടെ അവരുടെ പിന്തുണ ആർജിക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ.
ഇതിനിടെയാണ് പടിയൂർ കരവൂർ എകെജി വായനശാല ആൻഡ് ഗ്രന്ഥാലയം പന്നിയിറച്ചി ചാലഞ്ചുമായി രംഗത്തെത്തുന്നത്. ഒരു കിലോ പന്നിയിറച്ചിക്ക് 370 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് പന്നിയിറച്ചി ചാലഞ്ച് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം. എന്നാൽ പരിപാടി നടത്താൻ തിരഞ്ഞെടുത്തിരിക്കുന്നത് കർക്കടകവാവ് ദിനമാണ്. മുൻകാലങ്ങളിൽ ഓണാഘോഷത്തിന്റെ ഭാഗമായി നടത്തിയിരുന്ന പൂക്കളമത്സരത്തിന് പകരമായാണ് ഇത്തവണ പന്നിയിറച്ചി ചാലഞ്ച് നടത്തുന്നതെന്നും വിവരമുണ്ട്.
ഇതാണ് പരിപാടിയെ ചൊല്ലിയുള്ള പ്രധാന ചർച്ചയ്‌ക്കും വഴിവച്ചിരിക്കുന്നത്. കർക്കടകവാവ് ഹിന്ദു വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ദിനമാണ്. പിതൃതർപ്പണം നടത്തി പൂർവികരെ സ്മരിക്കുന്ന ദിവസം തന്നെ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതിൽ ഔചിത്യമുണ്ടോയെന്ന ചോദ്യമാണ് ഉയരുന്നത്.
സിപിഎമ്മിന്റെ രാഷ്‌ട്രീയ നിലപാടുകളുമായി ബന്ധപ്പെട്ട് വിശ്വാസികളുടെ സമീപനവും നേരത്തെ പലതവണ ചർച്ചയായിട്ടുണ്ട്. പി. ജയരാജൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് പാർട്ടി വിശ്വാസികൾക്ക് എതിരല്ലെന്ന സന്ദേശം നൽകാൻ ശ്രീകൃഷ്ണജയന്തി ദിനത്തിൽ ഘോഷയാത്രകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് ഇത്തരം പരിപാടികൾ പാർട്ടി ഉപേക്ഷിച്ചു.
ഇപ്പോഴാകട്ടെ, ഒരേ ദിവസം തന്നെ സിപിഎമ്മുമായി ബന്ധപ്പെട്ട സംഘടനകളുടെ രണ്ട് വ്യത്യസ്ത സമീപനങ്ങളാണ് കണ്ണൂരിൽ ശ്രദ്ധ നേടുന്നത്. ഒരു ഭാഗത്ത് പിതൃതർപ്പണത്തിനായി പയ്യാമ്പലത്തെത്തുന്ന വിശ്വാസികൾക്ക് ഭക്ഷണവും വൈദ്യസഹായവും ഉൾപ്പെടെയുള്ള സേവനങ്ങൾ ഒരുക്കുമ്പോൾ, മറുഭാഗത്ത് കർക്കടകവാവ് ദിനത്തിൽ പന്നിയിറച്ചി ചാലഞ്ച് നടത്തുകയാണ്.
ഓണാഘോഷത്തിന്റെ ഭാഗമായുള്ള പരിപാടിയാണെന്ന് സംഘാടകർ പറയുമ്പോഴും, കർക്കടകവാവ് ദിനം തന്നെ ഇതിനായി തിരഞ്ഞെടുത്തതിനെച്ചൊല്ലിയാണ് ഇപ്പോൾ വിവാദം ഉയരുന്നത്. പരിപാടി വിശ്വാസികളുടെ വികാരങ്ങളെ ബാധിക്കുമോ എന്ന ചർച്ചയും ഇതോടെ സജീവമായിട്ടുണ്ട്.