ലിസ്ബണ്‍: ലോക ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ദീര്‍ഘകാല പങ്കാളിയായ ജോര്‍ജിന റോഡ്രിഗസും വിവാഹിതരായതായി റിപ്പോര്‍ട്ടുകള്‍. ഏകദേശം പത്ത് വര്‍ഷത്തെ ബന്ധത്തിന് ശേഷമാണ് ഇരുവരും പോര്‍ച്ചുഗലിലെ കാസ്‌കൈസില്‍ ഓഗസ്റ്റ് 11-ന് സ്വകാര്യ സിവില്‍ ചടങ്ങില്‍ വിവാഹിതരായത്. അടുത്ത കുടുംബാംഗങ്ങളും മക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവരം.
വിവാഹത്തെക്കുറിച്ച് ദമ്പതികള്‍ ഔദ്യോഗിക വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ വിവാഹമോതിരങ്ങള്‍ ധരിച്ച കൈകളുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ‘C N’ എന്ന അടിക്കുറിപ്പ് നല്‍കിയതോടെയാണ് വിവാഹവാര്‍ത്തയ്‌ക്ക് കൂടുതല്‍ ശക്തി ലഭിച്ചത്.
2016-ല്‍ മാഡ്രിഡിലെ ഒരു ഗുച്ചി സ്റ്റോറില്‍ ജോലി ചെയ്തിരുന്ന ജോര്‍ജിനയെയാണ് റൊണാള്‍ഡോ പരിചയപ്പെടുന്നത്. പിന്നീട് ലോകത്തെ ഏറ്റവും ശ്രദ്ധേയമായ സെലിബ്രിറ്റി ദമ്പതികളിലൊരാളായി ഇരുവരും മാറി. 2017-ലാണ് ഇരുവരും ആദ്യമായി പൊതുവേദിയില്‍ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.
2025 ഓഗസ്റ്റ് 11-നാണ് ജോര്‍ജിന വിവാഹനിശ്ചയം പ്രഖ്യാപിച്ചത്. ‘അതെ, ഈ ജീവിതത്തിലും എല്ലാ ജീവിതങ്ങളിലും’ എന്ന സ്പാനിഷ് അടിക്കുറിപ്പോടെയായിരുന്നു അന്ന് വിവാഹനിശ്ചയ മോതിരത്തിന്റെ ചിത്രം പങ്കുവെച്ചത്. കൃത്യം ഒരു വര്‍ഷത്തിന് ശേഷമാണ് വിവാഹം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
റൊണാള്‍ഡോയും ജോര്‍ജിനയും ചേര്‍ന്ന് അഞ്ച് മക്കളെ വളര്‍ത്തുകയാണ്. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങ് നടന്നതെന്നും ആഘോഷങ്ങള്‍ അതീവ സ്വകാര്യമായി സൂക്ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ജോര്‍ജിനയുടെ വിവാഹവസ്ത്രമോ ചടങ്ങിന്റെ വേദിയോ അതിഥിപ്പട്ടികയോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇരുവരും വെള്ള വസ്ത്രങ്ങളിലായിരുന്നു ചടങ്ങില്‍ പങ്കെടുത്തതെന്നാണ് വിവിധ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
വമ്പന്‍ താരനിരയോടുകൂടിയ ആഘോഷത്തിന് പകരം കുടുംബത്തിനും സ്വകാര്യതയ്‌ക്കും മുന്‍ഗണന നല്‍കിയതായാണ് ഈ വിവാഹത്തെ വിലയിരുത്തുന്നത്. നിലവില്‍ ചടങ്ങിന്റെ കൂടുതല്‍ ചിത്രങ്ങളോ വിശദാംശങ്ങളോ ഇരുവരും പുറത്തുവിട്ടിട്ടില്ല.