ബെംഗളൂരു: കർണാടകയിലെ ബല്ലാരി മേഖലയിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷം നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്‌ക്ക് 1.38ഓടെയാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായതെന്ന് ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രം അറിയിച്ചു.
ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം. 15.012 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 76.592 ഡിഗ്രി കിഴക്കൻ രേഖാംശത്തിലുമാണ് ഭൂചലനം രേഖപ്പെടുത്തിയതെന്ന് പ്രാഥമിക വിവരങ്ങൾ വ്യക്തമാക്കുന്നു.
തീവ്രത കുറവായതിനാൽ വലിയ പ്രകമ്പനമല്ലെങ്കിലും ഉച്ചസമയത്ത് ഉണ്ടായ ഭൂചലനം പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കി. ഭൂചലനത്തെ തുടർന്ന് ആളുകൾക്ക് എന്തെങ്കിലും തരത്തിലുള്ള പരിക്കുകളോ മറ്റ് അടിയന്തര സംഭവങ്ങളോ ഉണ്ടായതായി നിലവിൽ വിവരമില്ല.
ബന്ധപ്പെട്ട അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. പ്രദേശത്ത് തുടർപ്രകമ്പനങ്ങൾ ഉണ്ടാകുന്നുണ്ടോ എന്നതും അധികൃതർ നിരീക്ഷിക്കുന്നുണ്ട്.