30 ടെസ്റ്റുകള്‍, 30 വേദികള്‍; സച്ചിനും മഞ്ജരേക്കറിനുമൊപ്പം അപൂര്‍വ റെക്കോര്‍ഡില്‍ യശസ്വി ജയ്‌സ്വാള്‍

Published by
ജനം വെബ്‌ഡെസ്ക്

ഗാള്‍: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന് അപൂര്‍വ റെക്കോര്‍ഡ്. കരിയറിലെ 30-ാം ടെസ്റ്റ് മത്സരത്തിനിറങ്ങിയ താരം ഇതുവരെ കളിച്ച 30 മത്സരങ്ങളും വ്യത്യസ്ത വേദികളിലാണ് കളിച്ചത്. തോടെ മുന്‍ ഇന്ത്യന്‍ താരങ്ങളായ സഞ്ജയ് മഞ്ജരേക്കറിനും സച്ചിന്‍ ടെന്‍ഡുല്‍ക്കറിനുമൊപ്പം ഈ റെക്കോര്‍ഡ് പട്ടികയില്‍ ജയ്‌സ്വാളും ഇടംപിടിച്ചു. വ്യത്യസ്ത വേദികളില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചതിന്റെ റെക്കോര്‍ഡ് മഞ്ജരേക്കറുടെ പേരിലാണ്. 33 മത്സരങ്ങളാണ് അദ്ദേഹം വ്യത്യസ്ത വേദികളില്‍ കളിച്ചത്. സച്ചിന്‍ തന്റെ ആദ്യ 32 ടെസ്റ്റുകളും വ്യത്യസ്ത വേദികളിലാണ് കളിച്ചത്.

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ 32 റണ്‍സെടുത്ത് മികച്ച ഫോമില്‍ നില്‍ക്കെയാണ് ജയ്‌സ്വാള്‍ അപ്രതീക്ഷിതമായി റണ്‍ഔട്ടായത്. 11-ാം ഓവറിലെ അവസാന പന്തില്‍ കെ.എല്‍. രാഹുലുമായുണ്ടായ ആശയക്കുഴപ്പമാണ് പുറത്താകലിന് കാരണമായത്. സിംഗിളിനായി ശ്രമിക്കുന്നതിനിടെ ഫീല്‍ഡര്‍ കേശര നുവാന്‍തരയുമായി കൂട്ടിയിടിച്ച് ജയ്‌സ്വാള്‍ ഗ്രൗണ്ടില്‍ വീണു. ഇതിനിടെ ഇരുവരും നോണ്‍-സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെത്തി. രാഹുല്‍ ആദ്യം ക്രീസിലെത്തിയതിനാല്‍ ജയ്‌സ്വാള്‍ റണ്‍ഔട്ടാവുകയായിരുന്നു.

ടെസ്റ്റ് കരിയറില്‍ ഇത് മൂന്നാം തവണയാണ് ജയ്‌സ്വാള്‍ റണ്‍ഔട്ടാകുന്നത്. 2024ല്‍ മെല്‍ബണില്‍ ഓസ്ട്രേലിയക്കെതിരെയും കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുമായിരുന്നു നേരത്തെയുള്ള റണ്‍ഔട്ടുകള്‍. ഈ രണ്ട് ഇന്നിംഗ്സുകളിലും യഥാക്രമം 82, 175 റണ്‍സ് വീതം നേടിയ ശേഷമാണ് ജയ്‌സ്വാള്‍ പുറത്തായത്.

Share