ഹൗറ: മുന്‍ ടിഎംസി എംഎല്‍എയും മുന്‍ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ അശിഷ് ബാനര്‍ജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി. ബിര്‍ഭൂമിലെ പാര്‍ട്ടി ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അശിഷ് ബാനര്‍ജിയുടെ കുടുംബത്തെ ടിഎംസിയിലെ ചില അഴിമതിക്കാരായ നേതാക്കള്‍ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
അശിഷ് ബാനര്‍ജിയുടെ കുടുംബവുമായി താന്‍ സംസാരിച്ചതായി അധികാരി പറഞ്ഞു. അന്വേഷണവുമായി കുടുംബം സഹകരിക്കണമെന്നും സംഭവവുമായി ബന്ധപ്പെട്ട ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അശിഷ് ബാനര്‍ജി മാന്യനായ രാഷ്‌ട്രീയ നേതാവായിരുന്നെന്നും പ്രാദേശിക ബിജെപി പ്രവര്‍ത്തകരുമായും പൊലീസുമായും അദ്ദേഹത്തിന് നല്ല ബന്ധമായിരുന്നുവെന്നും അധികാരി പറഞ്ഞു.
അശിഷ് ബാനര്‍ജിയുമായി തനിക്ക് വ്യക്തിപരമായ അടുപ്പമുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം തന്നെ കാണാന്‍ വരുമെന്ന് അദ്ദേഹം സന്ദേശമയച്ചിരുന്നതായും അധികാരി പറഞ്ഞു. മമത ബാനര്‍ജി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ രൂപീകരിച്ച ടിഎംസി കമ്മിറ്റിയില്‍നിന്ന് അശിഷ് ബാനര്‍ജി ഉടന്‍ രാജിവച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ പൊലീസ് നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞ അധികാരി, അശിഷ് ബാനര്‍ജിയുടെ കുടുംബത്തെ നേരിട്ട് സന്ദര്‍ശിക്കുമെന്നും അറിയിച്ചു. സ്വാതന്ത്ര്യദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് വന്ദേമാതരം ആലപിച്ചപ്പോള്‍ പാര്‍ട്ടി നേതാക്കള്‍ അനാദരവ് കാട്ടിയെന്ന ആരോപണവും സുവേന്ദു അധികാരി ഉന്നയിച്ചു. വന്ദേമാതരവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മാപ്പുപറയണമെന്ന് ബങ്കിംചന്ദ്ര ചട്ടോപാധ്യായയുടെ കുടുംബം ആവശ്യപ്പെട്ടതായി അദ്ദേഹം പറഞ്ഞു.
കത്ത് ലഭിച്ചിട്ടും സോണിയ ഗാന്ധിയോ കോണ്‍ഗ്രസോ ഇതുവരെ പ്രതികരിക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും അധികാരി ആരോപിച്ചു. ദേശീയത, ദേശസ്‌നേഹം, ഇന്ത്യയുടെ ദേശീയ സ്വത്വം എന്നിവയുമായി ആഴത്തില്‍ ബന്ധപ്പെട്ടതാണ് വന്ദേമാതരമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ, വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കര്‍ണാടകയിലെ ഉര്‍വ പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാക്കള്‍ സോണിയ ഗാന്ധിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിന പരിപാടിക്കിടെ വന്ദേമാതരം ആലപിക്കുന്ന സമയത്ത് മുതിര്‍ന്ന നേതാക്കള്‍ പരസ്പരം സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ബിജെപി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചത്.