ന്യൂഡല്‍ഹി: ബിജെപിയുടെ പുതുതായി നിയമിതരായ ദേശീയ ഭാരവാഹികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദനം അറിയിച്ചു. സംഘടനാ പരിചയവും ഊര്‍ജവും താഴെത്തട്ടുമായുള്ള ബന്ധവും സമന്വയിപ്പിക്കുന്നതാണ് പുതിയ ടീമെന്നും സംഘടനയെ ശക്തിപ്പെടുത്തുന്നതിലും ജനസേവനത്തിന് പ്രാധാന്യം നല്‍കുന്നതിലും പുതിയ ഭാരവാഹികള്‍ മികച്ച പ്രവര്‍ത്തനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. എക്‌സിലെ കുറിപ്പിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ അറിയിച്ചത്. പാര്‍ട്ടിയില്‍ വിവിധ ചുമതലകള്‍ ഏറ്റെടുത്തവര്‍ക്കും അദ്ദേഹം ആശംസകള്‍ നേര്‍ന്നു.
ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിനും പുതിയ ദേശീയ ഭാരവാഹികളെ അഭിനന്ദിച്ചു. പരിചയസമ്പത്തിന്റെയും ഊര്‍ജത്തിന്റെയും സമന്വയമായ പുതിയ ടീം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാര്‍ഗനിര്‍ദേശത്തില്‍ സംഘടനയ്‌ക്ക് പുതിയ വേഗം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സമര്‍പ്പിത പ്രവര്‍ത്തകരെന്ന നിലയില്‍ ഓരോ ഭാരവാഹിയും സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ‘വികസിത് ഭാരത്’ എന്ന ലക്ഷ്യവും രാജ്യനിര്‍മാണത്തിനായുള്ള പ്രതിബദ്ധതയും മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും നബിന്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു. പ്രധാനമന്ത്രി മോദിയുടെ മാര്‍ഗനിര്‍ദേശത്തിലും ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്റെ നേതൃത്വത്തിലും പുതിയ ടീം അനുഭവസമ്പത്തും കഠിനാധ്വാനവും സംഘടനാ മികവും പ്രയോജനപ്പെടുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ‘നേഷന്‍ ഫസ്റ്റ്’ എന്ന ബിജെപിയുടെ ആശയം സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിക്കാനും സംഘടനയ്‌ക്ക് പുതുഊര്‍ജം പകരാനും പുതിയ ഭാരവാഹികള്‍ക്ക് കഴിയുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു.