ചെന്നൈ: കാണാതായ പശുക്കളെ തെരഞ്ഞു വനത്തിൽ കയറിയ തമിഴ്‌നാട്ടുകാരായ മൂന്ന് പേരെ കർണാടക വനംവകുപ്പ് വെടിവെച്ച് കൊന്ന ദാരുണ സംഭവത്തെ ശക്തമായി അപലപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. കർണാടകയിലെ ചാമരാജ് നഗർ ജില്ലയിലെ ഹനൂർ താലൂക്കിൽ കാവേരി വന്യജീവി സങ്കേത പ്രദേശത്ത് ആഗസ്റ്റ് 15-ന് പുലർച്ചെയായിരുന്നു സംഭവം നടന്നത്. ആന്റണി സാമി, ജോൺ റോസ് പീറ്റർ, കുമാർ എന്നീ തമിഴ് ഗ്രാമീണരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഈ കൂട്ടക്കൊലയെ ശക്തമായി അപലപിച്ച മുഖ്യമന്ത്രി വിജയ്, വിഷയത്തിൽ കർണാടക വനംവകുപ്പ് നൽകിയ വിശദീകരണം പൂർണ്ണമായും അസ്വീകാര്യമാണെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുകയാണെന്ന വിമർശനവുമായി എം.കെ. സ്റ്റാലിൻ രംഗത്തെത്തിയതിന് പിന്നാലെയാണ് വിജയ് തന്റെ ഔദ്യോഗിക പ്രതികരണം ഉണ്ടായത്. കർണാടക വനപാലകർ നടത്തിയ കൊലപാതകം നടുക്കുന്ന സംഭവമാണെന്നും സത്യസന്ധമായ ഉന്നതതല അന്വേഷണം നടത്തി കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വിജയ് തന്റെ ‘എക്സ്’ സന്ദേശത്തിൽ ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നഷ്ടപരിഹാരവും നൽകാൻ കർണാടക സർക്കാർ തയ്യാറാകണമെന്നും ഇത്തരം ക്രൂരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, സംഭവത്തിൽ കർണാടക പോലീസ് ഏഴ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് ഐജി തലത്തിലുള്ള അന്വേഷണവും ഉദ്യോഗസ്ഥർക്കെതിരായ കേസും. പശുക്കളെ തിരഞ്ഞുപോയ നിരപരാധികളായ ഗ്രാമീണരെയാണ് വനപാലകർ ക്രൂരമായി വെടിവെച്ചു കൊന്നതെന്നാണ് പോലീസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നത്.
എന്നാൽ, കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും ഉടൻ കർശന നടപടി സ്വീകരിക്കണമെന്നും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും പ്രദേശത്ത് ശക്തമായ പ്രതിഷേധത്തിലാണ്. ബന്ധുക്കൾ അനുവാദം നൽകാത്തതിനെ തുടർന്ന് കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇനിയും ആരംഭിക്കാൻ സാധിച്ചിട്ടില്ല. വനംവകുപ്പിന്റെ അനാവശ്യമായ വെടിവെപ്പിനെതിരെ അതിർത്തി ഗ്രാമങ്ങളിൽ വൻ അമർഷവും പ്രതിഷേധവുമാണ് പുകയുന്നത്.














