ബീമാപ്പള്ളിയിൽ വൻ നിരോധിത പുകയില വേട്ട; രണ്ട് ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി, കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: ബീമാപ്പള്ളിയിൽ രണ്ട് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പോലീസ് പിടികൂടി. ഗോഡൗണിൽ അഞ്ച് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന നിലയിലാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് കട ഉടമ മാഹിനെയും ജീവനക്കാരൻ നസീറിനെയും പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്നതായാണ് പ്രാഥമിക വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.

അതിനിടെ കൊല്ലത്തും ലഹരി വിരുദ്ധ നടപടിയിൽ വൻ പിടികൂടൽ നടന്നു. 15 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ സഹോദരങ്ങളെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടി.

ബാപ്പുജി ദിഗൽ, ഹിറോദൽ ദിഗൽ എന്നിവരാണ് അറസ്റ്റിലായത്. റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവരുടെ കൈവശം കഞ്ചാവ് കണ്ടെത്തിയത്. ഇരുവരെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കി.

കേരളത്തിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും ലഹരിവസ്തുക്കളുടെയും കടത്ത് തടയുന്നതിനായി പരിശോധനകൾ ശക്തമാക്കിയിരിക്കെയാണ് തിരുവനന്തപുരത്തും കൊല്ലത്തും തുടർച്ചയായ നടപടികൾ.

Share
Published by
ജനം വെബ്‌ഡെസ്ക്