പ്രൈം വോളി ലീഗ് താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ജെറോമിന് 22.50 ലക്ഷം, നിഹാലിന് 19 ലക്ഷം

Published by
ജനം വെബ്‌ഡെസ്ക്

കൊച്ചി: ഇന്ത്യന്‍ വോളിബോളിന്റെ പ്രൊഫഷണല്‍ വേദിയായ പ്രൈം വോളി ലീഗിന്റെ താരലേലത്തില്‍ കേരള താരങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്. ഗോവയില്‍ നടന്ന താരലേലത്തില്‍ ജെറോം വിനീത്, ഷമീമുദ്ദീന്‍, മുഹമ്മദ് നിഹാല്‍, ടി.ആര്‍. സേതു, എറിന്‍ വര്‍ഗീസ് തുടങ്ങി നിരവധി മലയാളി താരങ്ങളാണ് മികച്ച തുക സ്വന്തമാക്കി വിവിധ ക്ലബ്ബുകളിലെത്തിയത്. കേരള താരങ്ങള്‍ക്കായി ലേലത്തില്‍ ടീമുകള്‍ ആവേശത്തോടെ രംഗത്തെത്തിയതോടെ പല താരങ്ങളുടെയും വില കുത്തനെ ഉയര്‍ന്നു. 22.50 ലക്ഷം രൂപയ്‌ക്ക് ചെന്നൈ ബ്ലിറ്റ്‌സിലെത്തിയ ജെറോം വിനീതാണ് കേരള താരങ്ങളില്‍ ലേലത്തിലെ ഏറ്റവും വിലയേറിയ താരം. ഗോവ ഗാര്‍ഡിയന്‍സിലെത്തിയ ഹരിയാണ താരം ചിരാഗ് യാദവിനും 22.50 ലക്ഷം രൂപയാണ് ലഭിച്ചത്.

അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് 19 ലക്ഷം രൂപ മുടക്കിയാണ് മലയാളി താരം മുഹമ്മദ് നിഹാലിനെ ടീമിലെത്തിച്ചത്. ബെംഗളൂരു ടോര്‍പിഡോസ് 15 ലക്ഷം രൂപയ്‌ക്ക് ടി.ആര്‍. സേതുവിനെയും 14 ലക്ഷം രൂപയ്‌ക്ക് പി.വി. ജിഷ്ണുവിനെയും സ്വന്തമാക്കി. കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്കായി കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും ശക്തമായി രംഗത്തെത്തി. ഷമീമുദ്ദീനെ 20 ലക്ഷം രൂപയ്‌ക്കും എറിന്‍ വര്‍ഗീസിനെ 15 ലക്ഷം രൂപയ്‌ക്കുമാണ് കൊച്ചി സ്വന്തമാക്കിയത്. ജെറോം വിനീതിനെ 22.50 ലക്ഷം രൂപയ്‌ക്ക് ടീമിലെത്തിച്ച ചെന്നൈ ബ്ലിറ്റ്‌സ്, 15.50 ലക്ഷം രൂപയ്‌ക്ക് ഷോണ്‍ ടി. ജോണിനെയും സ്വന്തമാക്കി. മുഹമ്മദ് ജാസിമിനെ 11 ലക്ഷം രൂപയ്‌ക്ക് ഡല്‍ഹി തൂഫാന്‍സ് സ്വന്തമാക്കിയപ്പോള്‍ ജോണ്‍ ജോസഫിനായി ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ് 10 ലക്ഷം രൂപ മുടക്കി.

കെ. രാഹുലിനെ 10 ലക്ഷം രൂപയ്‌ക്ക് കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സും ടീമിലെത്തിച്ചു. ഇന്ത്യന്‍ താരങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക മുടക്കിയത് ഗോവ ഗാര്‍ഡിയന്‍സാണ്. 10 ഇന്ത്യന്‍ താരങ്ങള്‍ക്കായി 77.50 ലക്ഷം രൂപയാണ് ഗോവ ചെലവഴിച്ചത്. ബെംഗളൂരു ടോര്‍പിഡോസ് 77 ലക്ഷം രൂപയും കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ് 76.25 ലക്ഷം രൂപയും 10 ഇന്ത്യന്‍ താരങ്ങള്‍ക്കായി മുടക്കി. അതേസമയം കേരള ടീമുകളായ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സും കാലിക്കറ്റ് ഹീറോസും താരലേലത്തില്‍ താരതമ്യേന കുറച്ച് തുകയാണ് ചെലവഴിച്ചത്. ഇരുടീമുകളും 10 ഇന്ത്യന്‍ താരങ്ങള്‍ക്കായി 69 ലക്ഷം രൂപ വീതമാണ് മുടക്കിയത്.

64.25 ലക്ഷം രൂപ മാത്രം ചെലവഴിച്ച ചെന്നൈ ബ്ലിറ്റ്‌സാണ് കേരള ടീമുകളേക്കാള്‍ കുറഞ്ഞ തുക ചെലവഴിച്ച ഏക ടീം. ലേലത്തിലെ കണക്കുകള്‍ വ്യക്തമാക്കുന്നത് പ്രൈം വോളി ലീഗില്‍ മലയാളി താരങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഡിമാന്‍ഡും വര്‍ധിച്ചുവരുന്നുവെന്നതാണ്.

Share