സ്വാതന്ത്ര്യദിന പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ത്ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചു; സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്ത് യുപി സര്‍ക്കാര്‍

Published by
ജനം വെബ്‌ഡെസ്ക്

ലക്‌നൗ: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ഹിന്ദു വിദ്യാര്‍ഥിനികളെ ബുര്‍ഖ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിച്ചെന്ന പരാതിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ സ്‌കൂളിനെതിരെ നടപടി. ഗോണ്ട ജില്ലയിലെ ബബന്‍ജോട്ട് ബ്ലോക്കിലെ ഓസ്നി ബുസുര്‍ഗിലുള്ള നോളജ് ബീം അക്കാദമിയാണ് വിദ്യാഭ്യാസ വകുപ്പ് പൂട്ടി സീല്‍ ചെയ്തത്. സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി ബുര്‍ഖ ധരിച്ച നാല് വിദ്യാര്‍ഥിനികള്‍ അഞ്ച് സിനിമാ ഗാനങ്ങള്‍ക്കും ഭോജ്പുരി ഗാനങ്ങള്‍ക്കും നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ വിമര്‍ശനമുയര്‍ന്നു. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ പിന്നീട് ക്ഷമാപണം നടത്തുകയും ചെയ്തു.

സംഭവം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തി. സ്‌കൂള്‍ ആവശ്യമായ അംഗീകാരമോ അനുമതിയോ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഗോണ്ട ജില്ലാ അടിസ്ഥാന വിദ്യാഭ്യാസ ഓഫീസര്‍ അമിത് കുമാര്‍ സിംഗ് പറഞ്ഞു. സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ ഒരാഴ്ച മുമ്പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നതായും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ നിര്‍ദേശം അവഗണിച്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം തുടരുകയായിരുന്നു.

ഇതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ പൂട്ടി സീല്‍ ചെയ്തത്. സംഭവത്തില്‍ തുടര്‍നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുവരികയാണ്.

Share