ന്യൂഡല്‍ഹി: പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭാരതയ്‌ക്ക് കൂടുതല്‍ കരുത്തുപകരാന്‍ കേന്ദ്രസര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍നിന്നുള്ള പ്രതിരോധ ഇറക്കുമതി കുറയ്‌ക്കുന്നതിന്റെ ഭാഗമായി 405 പ്രതിരോധ ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തിയ ആറാമത് ‘പോസിറ്റീവ് ഇന്‍ഡിജനൈസേഷന്‍ ലിസ്റ്റ്’ പ്രതിരോധ മന്ത്രാലയം പുറത്തിറക്കി. ഇതിലൂടെ ഏകദേശം 3,070 കോടി രൂപയുടെ ബിസിനസ് സാധ്യതകള്‍ രാജ്യത്ത് സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ.
നിലവില്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സബ് സിസ്റ്റങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, അസംസ്‌കൃത വസ്തുക്കള്‍ തുടങ്ങിയവയാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൈനിക ഉപകരണങ്ങള്‍ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുകയും പ്രതിരോധ ഉല്‍പ്പാദനത്തില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തത വര്‍ധിപ്പിക്കുകയുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
പുതിയ പട്ടികയിലെ 389 ഇനങ്ങള്‍ പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും 16 ഇനങ്ങള്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിനുമുള്ളതാണ്. അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍, ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റര്‍, സുഖോയ്-30എംകെഐ, ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (തേജസ്) തുടങ്ങിയവയുടെ വിവിധ ഘടകങ്ങളും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ടി-72, ടി-90 ടാങ്കുകള്‍, ബി.എം.പി-II ഇന്‍ഫന്‍ട്രി കോംബാറ്റ് വാഹനങ്ങള്‍, യുദ്ധക്കപ്പലുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയ്‌ക്കാവശ്യമായ വിവിധ ഘടകങ്ങളും രാജ്യത്ത് തന്നെ വികസിപ്പിക്കും. റഡാറുകള്‍, സോണാറുകള്‍, ഫയര്‍ കണ്‍ട്രോള്‍ സംവിധാനങ്ങള്‍, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ തുടങ്ങിയ അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങളും തദ്ദേശീയവത്കരണ പട്ടികയുടെ ഭാഗമാണ്.
പ്രതിരോധ ഉപകരണങ്ങളുടെ തദ്ദേശീയ നിര്‍മാണത്തില്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും പ്രധാന പങ്കാളിത്തം നല്‍കും. നിര്‍മിക്കേണ്ട ഉപകരണങ്ങള്‍, ആവശ്യമായ സാങ്കേതിക വിവരങ്ങള്‍, സമയക്രമം തുടങ്ങിയ വിശദാംശങ്ങള്‍ ‘സ്രിജന്‍’ (SRIJAN) ഡിഫന്‍സ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്.
2020 ഓഗസ്റ്റിലാണ് സ്രിജന്‍ പോര്‍ട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പോര്‍ട്ടലിലൂടെ 15,700ലധികം പ്രതിരോധ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ സാധിച്ചതായും, ഇതുവഴി ഏകദേശം 9,000 കോടി രൂപയുടെ ഇറക്കുമതി കുറയ്‌ക്കാനായതായും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്രതിരോധ ഉല്‍പ്പാദനത്തില്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക നീക്കമായാണ് പുതിയ പട്ടികയെ കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.