ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തറിൽ സിജെപിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മാവോയിസ്റ്റ് നേതാവ് പങ്കെടുത്തു. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്)മായി ബന്ധപ്പെട്ട കേസിൽ പൂനെ സ്പെഷ്യൽ എടിഎസ് കോടതി 8 വർഷത്തെ തടവിന് ശിക്ഷിച്ച അരുൺ ഭാനുദാസ് ഭേൽകെയാണ് സമരത്തിൽ പങ്കെടുത്ത മാവോയിസ്റ്റ് നേതാവ്. പ്രതിഷേധത്തിനിടെ പാർലമെൻറ് ആക്രമിക്കാൻ ഇയാൾ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
UAPA കേസിൽ 8 വർഷം തടവ്
നിരോധിത കമ്യൂണിസ്റ്റ് ഭീകര സംഘടനയായ സിപിഐ മാവോയിസ്റ്റ് അംഗമാണ് അരുണ്‍ ഭാനുദാസ് ഭേൽകെ എന്ന അരുണ്‍ ഭേൽകെ. 2014ൽ മഹാരാഷ്‌ട്ര എടിഎസ് അറസ്റ്റ് ഭാര്യ കാഞ്ചൻ നനാവാരെയ്‌ക്കൊപ്പം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പൂനെയിലെ കസേവാഡി മേഖലയിൽ നിന്നാണ് ഭേൽക്കെയെ പിടികൂടിയത്. വിവിധ പേരുകൾ ഉപയോഗിച്ച് ഇയാൾ പൂനെയിൽ താമസിച്ചിരുന്നതായി അന്ന് എടിഎസ് വ്യക്തമാക്കിയിരുന്നു.
പൂനെയിലെ ചേരിപ്രദേശങ്ങളിലെ യുവാക്കളെ മാവോയിസ്റ്റ് ആശയത്തിലേക്ക് ആകർഷിക്കാനും സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ഇയാൾ ശ്രമിച്ചെന്ന് എടിഎസ് കണ്ടെത്തിയിരുന്നു. ഗഡ്ചിരോളിയിലെ വനമേഖലയിൽ നക്സൽ പരിശീലനത്തിനായി യുവാക്കളെ എത്തിക്കുന്നതിൽ പ്രധാനിയായിരുന്നു ഇയാൾ.
2008ൽ ചന്ദ്രപൂരിൽ നടന്ന നക്സൽവിരുദ്ധ നടപടിക്കിടെ ഇയാൾ ഉൾപ്പെടെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ആയുധങ്ങളും വെടിയുണ്ടകളും മാവോയിസ്റ്റ് ലഘുലേഖകൾ അച്ചടിക്കാൻ ഉപയോഗിച്ചിരുന്ന സംവിധാനവും അന്ന് പിടിച്ചെടുത്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഭേൽകെ ഒളിവിൽ പോയി പുനെയിൽ വ്യാജ പേരുകളിൽ താമസിച്ചത്.
ഇത്തരമൊരു പശ്ചാത്തലമുള്ള വ്യക്തി വിദ്യാർഥി പ്രതിഷേധത്തിന്റെ വേദിയിൽ എങ്ങനെ എത്തി എന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം അന്വേഷണ ഏജൻസികൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവെക്കുന്നതാണ് UAPA കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയുടെ സാന്നിധ്യം.