മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കുന്ന 16കാരൻ; ദുരിതം അറിഞ്ഞ് അനന്ത് അംബാനി, ചികിത്സയ്‌ക്കായി മുംബൈയിലേക്ക് എയർലിഫ്റ്റ്

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ മണിക്കൂറുകളോളം കുളത്തിൽ മുങ്ങിക്കിടക്കണം… വെള്ളത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയാൽ ശരീരം മുഴുവൻ അസഹനീയമായ പുകച്ചിലും നീറ്റലും…. പശ്ചിമ ബംഗാളിലെ മുർഷിദാബാദ് സ്വദേശിയായ 16കാരൻ ഇഖ്ബാൽ ഷെയ്ഖിന്റെ ജീവിതം വർഷങ്ങളായി ഇങ്ങനെയായിരുന്നു. എന്നാൽ കൗമാരക്കാരന്റെ ദുരിതം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടതോടെ ചികിത്സയ്‌ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്.

ഇഖ്ബാൽ ഷെയ്ഖിന്റെ അവസ്ഥയെക്കുറിച്ചുള്ള വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഡയറക്ടറും മുകേഷ് അംബാനിയുടെ മകനുമായ അനന്ത് അംബാനി ഇടപെട്ടു. കുട്ടിക്ക് ആവശ്യമായ വിദഗ്ധ ചികിത്സയും വൈദ്യസഹായവും ഉറപ്പാക്കാൻ തന്റെ ടീമിന് നിർദേശം നൽകുകയായിരുന്നു.

മുർഷിദാബാദിലെ ബെൽദംഗ സ്വദേശിയായ ഇഖ്ബാലിന് ശരീരത്തിൽ കടുത്ത പുകച്ചിലും നീറ്റലും അനുഭവപ്പെടുന്ന അപൂർവ ആരോഗ്യപ്രശ്നമാണ്. കരയിൽ കഴിയുമ്പോൾ അസഹനീയമായ അസ്വസ്ഥത അനുഭവപ്പെടുന്നതിനാൽ മണിക്കൂറുകളോളം വെള്ളത്തിൽ മുങ്ങിക്കിടക്കേണ്ട അവസ്ഥയിലായിരുന്നു കുട്ടി. രോഗത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ നടത്തിയ ചികിത്സകൾക്ക് സാധിച്ചിരുന്നില്ല. കുടുംബത്തിന്റെ സാമ്പത്തിക പരാധീനതയും വിദഗ്ധ ചികിത്സ ലഭ്യമാകാത്തതും പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കി. ഇഖ്ബാലിന്റെ അസാധാരണമായ അവസ്ഥയ്‌ക്ക് പിന്നിൽ അദൃശ്യശക്തിയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും പ്രദേശത്ത് ഉണ്ടായിരുന്നു.

 അനന്ത് അംബാനിയുടെ ഇടപെടൽ
ഇഖ്ബാലിന്റെ ദുരിതജീവിതം സമൂഹമാധ്യമങ്ങളിലൂടെയും ദേശീയ മാധ്യമങ്ങളിലൂടെയും ശ്രദ്ധ നേടിയതോടെയാണ് സംഭവം അനന്ത് അംബാനിയുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് കുട്ടിയെ മുംബൈയിലെത്തിച്ച് വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്‌ക്കുമുള്ള നടപടികൾ ആരംഭിച്ചു.

മുർഷിദാബാദിൽനിന്ന് മുംബൈയിലേക്കുള്ള ദീർഘദൂര റോഡ് യാത്ര ഇഖ്ബാലിന്റെ ആരോഗ്യനിലയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തലിനെ തുടർന്ന് വിമാനമാർഗം കുട്ടിയെ മുംബൈയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. അനന്ത് അംബാനിയുടെ നിർദേശപ്രകാരം പ്രത്യേക ചാർട്ടേഡ് വിമാനവും ആവശ്യമായ മെഡിക്കൽ എമർജൻസി സംവിധാനങ്ങളും ഒരുക്കി. വിദഗ്ധ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ ഇഖ്ബാലിനെയും കുടുംബാംഗങ്ങളെയും മുംബൈയിലെത്തിച്ചു.

നിലവിൽ ‘സർ. എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ’ ആശുപത്രിയിൽ ചികിത്സയിലാണ് 16 കാരൻ. അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാരുടെ സംഘം കുട്ടിയെ പരിശോധിച്ചുവരികയാണ്. വർഷങ്ങളായി കുളത്തിലെ വെള്ളത്തിൽ മാത്രം ആശ്വാസം തേടേണ്ടിവന്ന 16കാരന് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Share